ചാത്തന്നൂർ: സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വീണ്ടും ബസ് വാങ്ങാൻ കെഎസ്ആർടിസിയുടെ ശ്രമം. ഇത്തവണ പ്ലാൻ ഫണ്ടിൽ നിന്നും കെഎസ്ആർടിസിക്ക് കിട്ടാനുള്ള 63 കോടി രൂപ വിനിയോഗിച്ച് 230 ബസുകൾ വാങ്ങാനാണ് നീക്കം. ഇതിനുള്ള ടെൻഡർ നടപടികൾക്ക് തുടക്കമിട്ടു കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് 200 പുതിയ ബസുകൾ നിരത്തിലിറക്കാൻ വേണ്ടി കെഎസ്ആർടിസി ടെൻഡർ നടപടികൾ പൂർത്തിയാക്കിയിരുന്നു. അന്നും സർക്കാരിൽ നിന്നും പ്ലാൻ ഫണ്ട് ഇനത്തിൽ 92 കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്. സർക്കാരിൽ നിന്നും പണം കിട്ടാതെ വന്നതോടെ ടെൻഡർ നടപടികൾ റദ്ദ് ചെയ്യേണ്ടി വന്നു.
2016 ന് ശേഷം കെ എസ് ആർ ടി സി ഒറ്റ പുതിയ ബസുകൾ പോലും വാങ്ങിയിട്ടില്ല. ആകെയുള്ള 5300 പരം ബസുകളിൽ ഏറിയപങ്കും കാലഹരണപ്പെട്ടതാണ്. കെ.ബി. ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയത് മുതൽ പുതിയ ബസുകൾ വാങ്ങാൻ ശ്രമം ആരംഭിച്ചതാണ്. പക്ഷേ ഇതുവരെ കെ എസ് ആർടിസിയ്ക്ക് പുതിയ ബസ് എന്ന ആഗ്രഹം സാധിച്ചിട്ടില്ല.
ഗ്രാമീണ റോഡുകളിലും വീതികുറഞ്ഞ വളവുകളുള്ള റോഡുകളിലും സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള ബസുകൾ വാങ്ങാനാണ് നീക്കം. 8 മീറ്റർ, 10 മീറ്റർ, 12 മീറ്റർ എന്നീ നിളമുള്ള ബസുകളാണ് വാങ്ങുന്നത്. ഇത്തരം ബസുകളിൽ ടി വി ഉൾപ്പെടെ എല്ലാ വിധ ആധുനികസംവിധാനങ്ങളും ഉണ്ടായിരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പഴക്കം ചെന്ന ഓർഡിനറി ബസുകൾ നിരത്തിൽ നിന്നും ഒഴിവാക്കി പകരം പുതിയ ബസുകൾ ഓടിക്കാനാണ് ബസുകൾ വാങ്ങുന്നത്.ഇത്തവണ 63 കോടി കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് കെ എസ് ആർടിസിയും മന്ത്രിയും. പുതിയ ബസുകൾ വാങ്ങാനുള്ള ടെൻഡർ അടുത്ത മാസം പ്രസിദ്ധീകരിക്കും.
- പ്രദീപ് ചാത്തന്നൂർ