കോട്ടയം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് എംസി റോഡിൽ ചെയിൻ സർവീസ് ആരംഭിച്ചതിനു പിന്നാലെ കൈനടി റൂട്ടിലും സർവീസ് തുടങ്ങി. കോട്ടയം ഡിപ്പോക്ക് അനുവദിച്ചിരിക്കുന്നത് 32 ബസാണ്. കോട്ടയം – കൊട്ടാരക്കര, കോട്ടയം – മൂവാറ്റുപുഴ ചെയിൻ സർവീസുകളാണ് കോട്ടയം ഡിപ്പോ ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. കാവാലത്തിന് ഇനി 20 മിനിറ്റ് ഇടവിട്ട് കെഎസ്ആർടിസി സർവീസുണ്ടായിരിക്കും.
മെഡിക്കൽ കോളജ് – കൈനടി – കാവാലം റൂട്ടിലാണു ചെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി ആറ് ബസുകൾ ഇന്നലെ ഓടിത്തുടങ്ങി. നാല് ബസുകൾ കൂടി വരും ദിവസങ്ങളിൽ സർവീസ് ആരംഭിക്കും. രാവിലെ 5.30 നാണ് കാവാലത്തുനിന്ന് ആദ്യ സർവീസ്, കോട്ടയത്തുനിന്ന് രാവിലെ 5.50ന് സർവീസ് ആരംഭിക്കും. രാത്രി 10നുള്ള പതിവായുള്ള സ്റ്റേ ബസ് തുടരും.
തിരുവനന്തപുരം – കൊട്ടാരക്കര, കൊട്ടാരക്കര – കോട്ടയം, കോട്ടയം – മൂവാറ്റുപുഴ, മൂവാറ്റുപുഴ – തൃശൂർ എന്നിങ്ങനെയാകും എംസി റോഡ് വഴിയുള്ള ചെയിൻ സർവീസ്. രാവിലെ അഞ്ചു മുതൽ രാത്രി 10 വരെ പത്തു മിനിറ്റ് ഇടവേളകളിൽ ഇരുഭാഗങ്ങളിലേക്കും ചെയിൻ സർവീസുണ്ടായിരിക്കും. തിരക്കേറുന്ന രാവിലെ 7.30 മുതൽ ഒന്പതു വരെയും വൈകുന്നേരം 4.30 മുതൽ ആറു വരെയും അഞ്ചു മിനിറ്റ് ഇടവേളകളിൽ ബസ് ഓടിക്കാനും നിർദേശമുണ്ട്.
കോട്ടയം – കൊട്ടാരക്കര റൂട്ടിലേക്കു 11 ബസും മൂവാറ്റുപുഴ റൂട്ടിലേക്കു 10 ബസും തൃശൂർ ചെയിനിനായി 11 ബസുമാണ് അനുവദിച്ചിരിക്കുന്നത്. ബസുകൾക്കൊപ്പം ജീവനക്കാരെയും കൂടുതലായി അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. റൂട്ടിൽ 10 മുതൽ 40 മിനിറ്റ് വരെ ഇടവേളയിലാണു ഫാസ്റ്റ് സർവീസ് നടത്തുന്നത്. സൂപ്പർ ഫാസ്റ്റ് ബസ് 15 മിനിറ്റ് ഇടവേളയിൽ ഓടുന്നുണ്ടെന്നാണു കെഎസ്ആർടിസിയുടെ അവകാശവാദമെങ്കിലും യാത്രക്കാർ നിഷേധിക്കുന്നു. പലപ്പോഴും അരമണിക്കൂറിലേറെ കാത്തുനിൽക്കേണ്ടി വരുന്നതായി യാത്രക്കാർ പറയുന്നു.
വരുമാന വർധനവ് ലക്ഷ്യമിട്ട് കോട്ടയം – ചേർത്തല ചെയിൻ സർവീസ് ആരംഭിക്കാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. മുന്പു കൃത്യമായ ഇടവേളകളിൽ ചേർത്തല റൂട്ടിൽ സർവീസ് നടത്തിയിരുന്നുവെങ്കിലും പിന്നീട് എണ്ണം കുറഞ്ഞിരുന്നു. ചങ്ങനാശേരി – മണിമല റൂട്ടിൽ കൂടുതൽ ബസ് ഓടിക്കാനും കെഎസ്ആർടിസിക്കു പദ്ധതിയുണ്ട്.
മെഡിക്കൽ കോളജിൽനിന്നു പുറപ്പെട്ടു കുടയംപടി, ചുങ്കം, കോട്ടയം, കുറിച്ചി, നീലംപേരൂർ വഴി ബസ് കാവാലത്തെത്തും.
ഉൾപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകുന്ന തരത്തിലാണു ചെയിൻ സർവീസ് നടത്തുകയെന്ന് കെഎസ്ആർടിസി കോട്ടയം ഡിപ്പോ അധികൃതർ പറഞ്ഞു. ഒന്നരപതിറ്റാണ്ടു മുന്പ് കാവാലത്തേക്ക് സ്വകാര്യബസുകൾക്ക് പെർമിറ്റ് അനുവദിച്ചപ്പോൾ നാട്ടുകാർ എതിർത്തിരുന്നു. തുടർന്നുണ്ടായ ജനകീയ സമരത്തെത്തുടർന്ന് കെഎസ്ആർടിസി സർവീസ് മാത്രമായി നടത്തിവരികയായിരുന്നു.
ബസ് സർവീസുകൾ പലപ്പോഴായി വെട്ടിക്കുറയ്ക്കപ്പെട്ടതോടെ ജനങ്ങൾ പ്രതിഷേധത്തിലുമായിരുന്നു. കോട്ടയത്തുനിന്നു കൈനടി വരെ 14 സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. സേവനം മെച്ചപ്പെടുത്തിയാൽ ഈ മേഖലയിൽനിന്നു കൂടി കൂടുതൽ യാത്രക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിർമാണം അവസാനഘട്ടത്തിലേക്ക് കടന്ന മങ്കൊന്പ് സിവിൽ സ്റ്റേഷൻ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതോടെ ആലപ്പുഴയിൽനിന്നു മങ്കൊന്പ് വഴി കാവാലം തട്ടാശേരിയിലേക്ക് കെഎസ്ആർടിസി സർവീസ് സാധ്യമാകും.
കാവാലത്തും പാലം നിർമാണത്തിനായുള്ള നടപടികൾ നടന്നു വരികയാണ്. പാലം നിർമിക്കുന്ന കാവാലം- തട്ടാശേരി കടവിൽ ഇപ്പോൾ യന്ത്രവത്കൃത ജങ്കാറുണ്ട്. ഇത് ഉപയോഗപ്പെടുത്തി കോട്ടയത്തു നിന്ന് കാവാലം വഴി ആലപ്പുഴ സർവീസിനും സാധ്യതയേറെയാണ്.
സമയക്രമം തെറ്റിച്ചും കെഎസ്ആർടിസി ബസുകൾക്ക് സൈഡ് നൽകാതെയും കൈനടി-കോട്ടയം റൂട്ടിൽ ഓടുന്ന സ്വകാര്യബസുകൾക്കെതിരെ പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടി സ്വീകരിക്കണമെന്നും സ്വകാര്യ ബസ് ലോബി സംഘടിതമായി കെഎസ്ആർടിസി സർവീസുകളുടെ കളക്ഷൻ കുറയ്ക്കാൻ നടത്തുന്ന നീക്കങ്ങൾ തടയണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.