ചാത്തന്നൂർ: കെഎസ്ആർടിസി 220 പുതിയ ബസുകൾ വാങ്ങുന്നു ഇതിനുള്ള ടെൻഡർ നടപടികൾ തുടങ്ങി. ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾ ആണ് വാങ്ങുന്നത്.
4 സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് VI സിരിസി ൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ വാങ്ങുന്നത്.
1000 പുതിയ ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ആദ്യഘട്ടമെന്ന നിലയിൽ 220 ബസുകൾ വാങ്ങുന്നത്.
2016 നുശേഷം ഇപ്പോഴാണ് പുതിയ ബസ് വാങ്ങാൻ കെഎസ്ആർടിസി നീക്കം നടത്തുന്നത്. നിലവിൽ കെ എസ് ആർ ടി സിയ്ക്കുള്ള ബസുകളെല്ലാം പഴഞ്ചൻ ബസുകളാണ്. പലതും 15 വർഷമോ അതിലധികമോ പഴക്കമുള്ളതും റോഡ് സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതുമാണ്.
കെഎസ്ആർടിസിയുടെ കട ബാധ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ബസ് വാങ്ങാൻ തയാറെടുത്തത്. 3500 കോടിയായിരുന്ന ബാങ്ക് കൺസോർഷ്യത്തിന്റെ വായ്പ കുടിശ്ശിക ഇപ്പോൾ 2900 കോടിയായി കുറഞ്ഞു. സിബൽസ് കോർഡിഗ്രേഡിൽ നിന്നും സിഗ്രേഡായി ഉയരുകയും ചെയ്തു.
1000 പുതിയ ബസ് വാങ്ങാൻ 300 കോടി ബാങ്ക് വായ്പ എടുക്കാനാണ് നീക്കം. ഇതിന്സർക്കാർ ഗ്യാരന്റിയും കെ എസ് ആർടിസിയുടെ ആസ്തികൾ പണയമായും ബാങ്കിന് നല്കണം. അതിന് കെഎസ്ആർടിസി സന്നദ്ധമാണ്.
കെ.ബി. ഗണേശ് കുമാർ വകുപ്പ് മന്ത്രിയായി എത്തിയ ശേഷമാണ് പുതിയ ബസുകൾ വാങ്ങാനുള്ള ആശയം തന്നെ സജീവമായത്. ഒരു കോടിയിലേറെ രൂപ വിലയുള്ള ഇലക്ട്രിക് ബസുകൾ വാങ്ങുന്ന പണം കൊണ്ട് മൂന്ന് ഡീസൽ ബസുകൾ വാങ്ങാമെന്ന നിലപാടാണ് കെ.ബി. ഗണേശ് കുമാറിന്റേത്. മന്ത്രിയുടെ ഈ നിലപാട് വിവാദമായിട്ടുണ്ട്.
പ്രദീപ് ചാത്തന്നൂർ