ചാത്തന്നൂർ: ഒരു മാസത്തിനുള്ളിൽ 30 ഗതാഗത നിയമലംഘന കേസുകളുമായി നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇത്ര ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം കേസുകളുണ്ടാകുന്നത് ആദ്യമായാണ്. കേസുകളിൽപ്പെട്ട ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിൽ പിഴ ഒടുക്കി ബാധ്യതകൾ തീർക്കണമെന്ന് കെ എസ് ആർടിസി.
അല്ലാത്ത പക്ഷം ഈ ഡ്രൈവർമാർ ഓടിച്ചിരുന്ന ബസുകൾക്കുണ്ടാക്കുന്ന ബാധ്യതകൾ ഡ്രൈവർമാരിൽ നിന്ന് ഈടാക്കുമെന്നും മുന്നറിയിപ്പ്.കഴിഞ്ഞ ഒക്ടോബർ 17 മുതൽ നവംബർ 16 വരെയാണ് നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർമാർ 30 ഗതാഗത നിയമലംഘന കേസുകളിൽപ്പെട്ടത്. ഒക്ടോബറിലെ 13 ദിവസങ്ങളിൽ 10 കേസുകളാണങ്കിൽ നവംബറിലെ ആദ്യ 16 ദിവസങ്ങളിൽ 20 കേസുകളാണുണ്ടായിരിക്കുന്നത്.
നവംബർ 4 ന് നാല് ഗതാഗത നിയമലംഘന കേസുകളാണ് ഉണ്ടായിട്ടുള്ളത്. ബസുകൾ നിയമലംഘനം നടത്തിയതിന് പിഴ ഒടുക്കണം എന്ന മോട്ടോർ വാഹന വകുപ്പിന്റെ ചാർജ് മെമ്മോ ഡിപ്പോ അധികൃതർക്ക് ലഭിച്ചപ്പോഴാണ് നിയമലംഘനങ്ങളുടെ കണക്കറിയുന്നത്.
നിയമലംഘനം നടത്തിയ ഡ്രൈവർമാർ ഉടൻ മോട്ടോർ വാഹന വകുപ്പധികൃതരുമായി ബന്ധപ്പെട്ട് ഉടൻപിഴ ഒടുക്കി നടപടികൾ പൂർത്തിയാക്കണമെന്ന് നെയ്യാറ്റിൻകര എടിഒ നിർദ്ദേശം നല്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം പിഴ ഒടുക്കേണ്ട ഡ്രൈവർ ഓടിച്ചിരുന്ന സർവീസിന് മോട്ടോർ വാഹന വകുപ്പിൽ നിന്നുണ്ടാകുന്ന നടപടികൾക്ക് ഡ്രൈവർ മാത്രമായിരിക്കും ഉത്തരവാദി .ഇത്തരം ബാധ്യതകൾ ഡ്രൈവറിൽ നിന്ന് ഈടാക്കും.
പ്രദീപ് ചാത്തന്നൂർ