ടി.എസ്. സതീഷ്കുമാര്‍
ശബരിമല: നിലയ്ക്കല്‍ – പമ്പാ റൂട്ടില്‍ ടിക്കറ്റ് നിരക്ക് 100 രൂപയാക്കാന്‍ കെഎസ്ആര്‍ടിസി നീക്കം. 100 രൂപ ടിക്കറ്റെടുത്താല്‍ പമ്പയില്‍നിന്നും നിലയ്ക്കലിലേക്കും തിരികെ യാത്ര ചെയ്യാം. നിലയ്ക്കല്‍ – പമ്പാ റൂട്ടില്‍ ഇനി മുതല്‍ കണ്ടക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതല്ല. നിലയ്ക്കലിലുള്ള ഡിപ്പോയില്‍ 100 രൂപ അടച്ചശേഷം വേണം യാത്ര ചെയ്യാന്‍. എന്നാല്‍, കെഎസ്ആര്‍ടിസിയുടെ ടിക്കറ്റ് നിരക്കിലുള്ള വര്‍ധനയില്‍ കടുത്ത അമര്‍ഷമാണ് ദേവസ്വം ബോര്‍ഡിന് എന്നാണ് അറിയുന്നത്.
എസി ബസുകളില്‍ 100 രൂപ ഈടാക്കുകയും നോണ്‍ എസി ബസുകളില്‍ 50 രൂപയില്‍ കൂടുതല്‍ വാങ്ങരുത് എന്ന കടുത്ത നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും വരുന്ന ബസുകള്‍ക്ക് നിലയ്ക്കല്‍ വരെ മാത്രമേ അനുവാദമുള്ളൂ. ഇവിടെനിന്നും പ്രത്യേക ബസുകളില്‍ യാത്രചെയ്യണം.
ഇതോടെ ബസില്വരുന്ന തീര്‍ഥാടകര്‍ക്ക് ഇരട്ടിയിലധികം പണം ചെലവഴിക്കേണ്ടിവരും.നിലയ്ക്കല്‍ – പമ്പാ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിന് സ്വകാര്യ ബസുകള്‍ വാടകയ്ക്കെടുക്കാനും കെഎസ്ആര്‍ടിസി നീക്കം നടക്കുന്നുണ്ട്. മഹാപ്രളയത്തിനുശേഷം പമ്പയിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് പമ്പയിലേക്ക് ഔദ്യോഗിക വാഹനങ്ങള്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ശബരിമലയുടെ ബേസ് ക്യാമ്പ് നിലയ്ക്കലിലാക്കാനാണ് സര്‍ക്കാര്‍ നീക്കം.
മാസപൂജകള്‍ക്കായി ക്ഷേത്രനട തുറക്കുന്ന അവസരത്തിലും ഔദ്യോഗികവാഹനങ്ങള്ക്കു മാത്രമേ പമ്പയിലേക്ക് അനുവാദമുള്ളൂ. ശബരിമല തീര്‍ഥാടനം ആരംഭിക്കാന്‍ 60 ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ കന്നിമാസ പൂജകള്‍ക്കായി ഈ മാസം 16ന് വൈകിട്ട് ശബരിമല ക്ഷേത്രനട തുറക്കും.
പരീക്ഷണാടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി പുതിയ സംവിധാനം നടപ്പിലാക്കും. എന്നാല്‍, പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയില്‍ നിലയ്ക്കലില്‍നിന്നു പമ്പയിലേക്ക് ബാറ്ററി ഉപയോഗിച്ചുള്ള വാഹനങ്ങളില്‍ തീര്‍ഥാടകരെ എത്തിക്കാന്‍ പദ്ധതിയുണ്ടെങ്കിലും ഈ തീര്‍ഥാടനകാലത്ത് ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നാണ് ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ പറയുന്നത്.
കെഎസ്ആര്‍ടിസിയുടെ അമിത ചാര്‍ജ് വര്‍ധനയ്ക്കെതിരേ മുഖ്യമന്ത്രിയെ സമീപിക്കാനും ദേവസ്വം ബോര്‍ഡ് നീക്കമുണ്ടെന്ന് അറിയുന്നു. ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി അമേരിക്കയില്‍നിന്നു തിരികെയെത്തിയാല്‍ പമ്പാ സന്ദര്‍ശിക്കണമെന്നും ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. കെഎസ്ആര്‍ടിസിയുടെ അമിത ചാര്‍ജ് വര്‍ധനയ്ക്കെതിരേ വിവിധ ഭാഗങ്ങളില്‍നിന്നും പ്രതിഷേധം ശക്തമാകുകയാണ്.