കൂത്താട്ടുകുളം: കെഎസ്ആർടിസി ബസിന്റെ പിൻചക്രത്തിന്റെ നട്ടുകൾ അഴിഞ്ഞ നിലയിൽ സർവീസ് നടത്തി. ഒഴിവായത് വൻ ദുരന്തം. പാലാ-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന കൂത്താട്ടുകുളം ഡിപ്പോയിലെ ഓർഡിനറി ബസിന്റെ പിൻചക്രത്തിന്റെ നട്ടുകളാണ് അഴിഞ്ഞ നിലയിൽ കാണപ്പെട്ടത്.
ഇന്നലെ വൈകുന്നേരം പാലായിൽനിന്നു കൂത്താട്ടുകുളത്തേക്ക് യാത്രക്കാരുമായി വരികയായിരുന്ന ബസിന്റെ പിന്നിൽ സഞ്ചരിച്ചിരുന്ന ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുകയായിരുന്നു.
താമരക്കാട് ഭാഗത്തുവച്ച് മുന്നിൽ പോകുന്ന ബസിന്റെ പിൻചക്രങ്ങൾ പതിവിൽ അധികമായി ഇളകുന്നത് കാണുകയും വിവരം ഓട്ടോ ഡ്രൈവർ ബസ് കണ്ടക്ടറെ ധരിപ്പിക്കുകയും ചെയ്തു.
തുടർന്ന് വാഹനം നിർത്തി ഡ്രൈവറും കണ്ടക്ടറും ടയർ പരിശോധിച്ചപ്പോളാണ് ചക്രത്തിന്റെ എല്ലാ നട്ടുകളും അഴിഞ്ഞ നിലയിലാണെന്ന് മനസിലായത്. ബസിന്റെ യാത്ര അവിടെ അവസാനിപ്പിച്ചശേഷം ഡിപ്പോയിൽനിന്നു മറ്റൊരു ബസ് എത്തിച്ചാണ് യാത്ര തുടർന്നത്. ബസിൽ 20ലധികം യാത്രക്കാരുണ്ടായിരുന്നു.