ചാത്തന്നൂർ: കെഎസ്ആർടിസി ബസ് സർവീസുകളുടെ മുടക്കം (ഓഫ് റോഡ്) പകുതിയായി കുറഞ്ഞു. കെഎസ്ആർടിസി ബസുകളുടെ ഓഫ് റോഡ് നിരക്ക് പരമാവധി കുറച്ച് 5 ശതമാനത്തിൽ നിലനിർത്തുന്നതിന്റെ ഭാഗമായി ആരംഭിച്ച പ്രവർത്തനങ്ങൾ ഫലപ്രാപ്തിയിലേക്ക് എത്തുകയാണ് എന്നാണ് സൂചന. കഴിഞ്ഞ ജനുവരിയിൽ ഓഫ് റോഡ് നിരക്ക് 1000 ആയിരുന്നത് ഓഗസ്റ്റിൽ 500 ന് താഴെ എത്തിക്കുവാനായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
സെൻട്രൽ റീജണൽ വർക്ഷോപ്പുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുകയും കൃത്യസമയങ്ങളിൽ ആവശ്യമായ സ്പെയർപാർട്സ് ലഭ്യമാക്കുകയും ആവശ്യമായ മെക്കാനിക്കുകളെ ലഭ്യമാക്കുകയും വർക്ക് ഷോപ്പുകളിൽ മെക്കാനിക്കൽ ജീവനക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
എൻജിൻ, ഗിയർ ബോക്സ്, ക്രൗൺ ആൻഡ് വീൽ, സബ് അസംബ്ലി അടക്കമുള്ളവയ്ക്ക് പ്രൊഡക്ഷൻ ടാർജറ്റ് നൽകി പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുവാനുമായതാണ് അതിവേഗം ഓഫ് റോഡ് കുറയ്ക്കുന്നതിനായി സാധിച്ചിച്ചുള്ളത്.
ബസുകളുടെ കൃത്യമായ പീരിയോഡിക് മെയിന്റനൻസ്, എൻജിൻ അടക്കമുള്ള യൂണിറ്റുകൾ ലൈഫിന് അനുസരിച്ചുള്ള റീപ്ലേസ്മെൻറ്, ഇലക്ട്രിക്കൽ, എയർ സിസ്റ്റം എന്നിവയുടെ സൂപ്പർ ചെക്കിംഗും പരിപാലനവും എന്നിവ ഏർപ്പെടുത്തിയത് വഴിയും വാഹനങ്ങളുടെ ഓഫ് റോഡ് നിയന്ത്രിക്കാൻ കഴിഞ്ഞു.
സിംഗിൾ യൂണിറ്റുകൾക്ക് വേണ്ടിമാത്രം ഡോക്കിലാകുന്ന ബസുകളുടെ സ്പെയർപാർട്സ് ആവശ്യകതകൾ, ബ്രേക്ക് ഡൗൺ തുടങ്ങിയവ വിലയിരുത്തി വാഹനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തുകയും ഇതിന്റെ ഫലമായി ഓഫ് റോഡ് കണക്ക് ഏകീകരിക്കുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനും സഹായകരമായി.
ഇത്തരത്തിലുള്ള കൃത്യമായ മോണിറ്ററിംഗിലൂടെ സിംഗിൾ യൂണിറ്റുകൾ ആവശ്യമായ വാഹനങ്ങൾ പ്രസ്തുത ദിവസം തന്നെ ലഭ്യമാക്കി സർവീസ് നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. സി എഫിനുള്ള വാഹനം കാലേക്കൂട്ടി പ്ലാൻ ചെയ്തു നടപ്പിലാക്കി. ഇതും ഓഫ് റോഡ് നിരക്ക് 500ന് താഴെ എത്തിക്കുന്നതിന് ഗുണകരമായിട്ടുണ്ട്.