തിരുവനന്തപുരം: ഓണത്തിന് സ്പെഷൽ സർവീസുകളുമായി കെഎസ്ആർടിസി. സ്പെഷൽ സർവീസുകളുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗ് ഈ മാസം പത്തിന് ആരംഭിക്കും. അടുത്തമാസം ഒൻപതു മുതൽ 23 വരെയാണ് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തുന്നത്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും അവധി കഴിഞ്ഞ് തിരിച്ചു പോകുന്നതിനുമായി നിലവിലുള്ള 90 ബസുകൾക്ക് പുറമെ ആദ്യഘട്ടമായി ഓരോ ദിവസവും 58 അധിക ബസുകളും സർവീസ് നടത്തും.
www.onlineksrtcswift.com എന്ന വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.
ആവശ്യകത അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുന്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രത്യേക പ്രാധാന്യം നൽകും. കൂടാതെ ബത്തേരി, മൈസൂർ, ബംഗളൂരു, സേലം, പാലക്കാട് എന്നീ കേന്ദ്രങ്ങളിൽ അധികമായി സപ്പോർട്ട് സർവീസിനായി ബസുകളും ക്രൂവും ക്രമീകരിച്ചിട്ടണ്ട്. വിവരങ്ങൾക്കായി യാത്രക്കാർക്ക് 94470 71021, 0471 2463799 എന്നീ ഫോണ്‍ നന്പരുകളിൽ ബന്ധപ്പെടാം.