ചാത്തന്നൂർ: ഓണത്തിന് 220 പുതിയ ബസുകൾനിരത്തിലിറക്കാനുള്ള കെഎസ്ആർടിസിയുടെ മോഹം വിഫലമായി. ബസ് വാങ്ങാൻ പണം കണ്ടെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗീകാരം നല്കുകയും കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ഗതാഗത മന്ത്രി നിയമസഭയെ അറിയിക്കുകയും ജൂണിൽ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്ത ബസ് വാങ്ങൽ പദ്ധതിയാണ് എങ്ങുമെത്താതായത്.
ഫുൾ ബോഡിയോട് കൂടിയ 10.5 മീറ്റർ നീളമുള്ള നോൺ എസി ബസുകൾക്കാണ് ടെൻഡർ ക്ഷണിച്ചത്.നാലു സിലിണ്ടർ ഡീസൽ ബസുകൾ ബി എസ് -6 സിരിസിൽ പെട്ടതായിരിക്കണം. മൂന്ന് വർഷമോ അല്ലെങ്കിൽ 4 ലക്ഷം കിലോമീറ്ററോ കമ്പനി വാറന്റി ഉറപ്പാക്കണം. ഹ്രസ്വ ദൂര ഫാസ്റ്റ് പാസഞ്ചർ സർവീസ് നടത്താനാണ് ഈ ബസുകൾ.
സംസ്ഥാന ബജറ്റിൽ കെ എസ് ആർടി സിയ്ക്ക് പ്ലാൻ ഫണ്ടായി നീക്കിവച്ച 96 കോടി രൂപ വിനിയോഗിച്ചാണ് 220 ബസുകൾ വാങ്ങാൻ നീക്കം നടത്തിയത്. ജൂണിന് ശേഷം ജീവനക്കാർക്ക് ശമ്പളം നല്കാനും പെൻഷൻ വിതരണത്തിനും സർക്കാർപണം അനുവദിച്ചെങ്കിലും ഈ 96 കോടി ഇതുവരെ അനുവദിച്ചിട്ടില്ല. എസ് ബി ഐ യും വായ്പ അനുവദിക്കാൻ തയാറായില്ല.
അവസാനമായി കേരള ബാങ്ക് വായ്പ നല്കാൻ തയാറായെങ്കിലും സാങ്കേതികത്വത്തിൽപ്പെട്ട് അത് നീണ്ടു പോവുകയാണ്. കെടിഡിഎഫ് സിയും കെ എസ് ആർടിസിയും തമ്മിൽ 135 കോടി രൂപയുടെ ഇടപാട് അവശേഷിക്കുന്നുണ്ട്. ഈ തുക അവർക്ക് തിരിച്ചടച്ച് അവരെ കൺസോർഷ്യത്തിൽ നിന്നും ഒഴിവാക്കുകയും പകരം കേരള ബാങ്കിനെ ഉൾപ്പെട്ടുത്തുകയും വേണം. അതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
1000 പുതിയ ബസുകൾ വാങ്ങാനുള്ള കെഎസ്ആർടിസിയുടെ നീക്കത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് 220 ബസുകൾ വാങ്ങാൻ ശ്രമം നടത്തിയത്. 2016 ന് ശേഷം ഒരു പുതിയ ബസ് വാങ്ങാൻ പോലും കെഎസ്ആർടിസിക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ കെഎസ്ആർടിസിക്കുള്ള ബസുകളെല്ലാം പഴഞ്ചൻ ബസുകളാണ്. പുതിയ ബസ് വാങ്ങാനുള്ള ശ്രമം താത്കാലികമായെങ്കിലും പരാജയപ്പെട്ടിരിക്കയാണ്.
പ്രദീപ് ചാത്തന്നൂർ