പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരായ കണ്ടക്ടർ, ഡ്രൈവർ എന്നിവർക്ക് ഡ്യൂട്ടി സറണ്ടർ ചെയ്യാനും അനുവദിക്കേണ്ടതുക നിശ്ചയിച്ചും ഉത്തരവിറങ്ങി. പൂർണമായും ഓപ്പറേറ്റ് ചെയ്യുന്ന സർവീസുകൾക്ക് മാത്രമാണ് സറണ്ടർ ചെയ്യാവുന്നത്.
പ്രതിദിനം അടിസ്ഥാന ഡ്യൂട്ടി ചെയ്തിരിക്കണമെന്ന വ്യവസ്ഥയുണ്ട്. തലേ ദിവസം ഡ്യൂട്ടി സറണ്ടർ ചെയ്തവർക്ക് അടുത്ത ദിവസം നിയമാനുസൃത ഡ്യൂട്ടി ഇല്ലെങ്കിൽ ഹാജർ എൽഡബ്ളിയുഎ ആയി പരിഗണിക്കാം.
ഡ്യൂട്ടിയുടെ 12 മണിക്കൂറിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ചെയ്തിരിക്കണം. അധികം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും കണ്ടക്ടർക്ക് 150 രൂപയും ഡ്രൈവർക്ക് 160 രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
അടിസ്ഥാന ഡ്യൂട്ടിയ്ക്ക് പുറമേ 12 മണിക്കൂർ സ്പാൻ ഡ്യൂട്ടി ചെയ്യുന്നവരും ഏഴ് മണിക്കൂർ സ്റ്റിയറിംഗ് ഡ്യൂട്ടി ചെയ്താരിക്കണം.
സ്റ്റിയറിംഗ് ഡ്യൂട്ടിയ്ക്ക് 900 രൂപയും അധിക ഡ്യൂട്ടിക്ക് മണിക്കൂറിന് കണ്ടക്ടർക്ക് 150 രൂപ വീതവും ഡ്രൈവർക്ക് 160 രൂപ വീതവും സറണ്ടർ ചെയ്യാം.
ബസുകളിൽ റാക്ക് ബോക്സും പൂട്ടും സ്ഥാപിക്കണം
ചാത്തന്നൂർ: കെഎസ്ആർടി സി യുടെ എല്ലാ ബസുകളിലും റാക്ക് ബോക്സും അതിന് പൂട്ടും സ്ഥാപിക്കണമെന്ന് ഉത്തരവ്. ബസുകളിൽ നിന്നും ടിക്കറ്റ് റാക്കും കണ്ടക്ടർമാരുടെ കാഷ് ബാഗും മോഷണം പോകുന്നത് പതിവാണ്.
തിരുവനന്തപുരം തമ്പാനൂർ ഡിപ്പോയിലാണ് ഏറ്റവും കൂടുതൽ മോഷണം നടക്കുന്നത്. ഇത് രാഷ്ട്ര ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
സർവീസ് കഴിഞ്ഞെത്തുന്ന ജീവനക്കാർ ടിക്കറ്റ് റാക്കും ബാഗും ബസ്സിൽ സൂക്ഷിച്ച ശേഷം ചായ കുടിക്കാനോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലോ പോകുമ്പോഴാണ് മോഷണം.
മിക്ക ബസുകളിലും സുരക്ഷിതത്വമുള്ള റാക്ക് ബോക്സ് ഇല്ലാത്തതാണ് മോഷണത്തിന് കാരണം. ഇത്ചൂണ്ടിക്കാട്ടി ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) എന്ന കെഎസ്ആർടിസി ജീവനക്കാരുടെ സംഘടന നിവേദനം നല്കിയിരുന്നു. ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദ്ദേശമെന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്.