പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസി ജീവനക്കാർക്ക് ഓണക്കാലത്ത് ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുക്കാൻ സംവിധാനം. ജീവനക്കാർ ശമ്പളം സ്വീകരിക്കുന്ന ബാങ്കിലെ സാലറി അക്കൗണ്ട് മുഖേനയാണ് ഇത്.
കഴിഞ്ഞ വർഷം ഓണത്തിന് കൃത്യമായി ശമ്പളം ലഭിക്കാതിരിക്കുകയും ഓണം അഡ്വാൻസ്, ബോണസ് എന്നിവ മുടങ്ങുകയും ചെയ്തിരുന്നു. ഇത്തവണയും ഇപ്പോൾ ഒരു മാസത്തെ ശമ്പളം കുടിശികയാണ്.
കെഎസ്ആർടിസിയുടെ സാമ്പത്തികസ്ഥിതി അനുസരിച്ച് ഇത്തവണയും കൃത്യസമയത്ത് ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഓണത്തിന് അഡ്വാൻസോ ബോണസോ കിട്ടാൻ സാധ്യതയുമില്ല.
ഈ സാഹചര്യത്തിൽ ശമ്പളത്തിന് തുല്യമായതുക ശമ്പള അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് ഓവർ ഡ്രാഫ്റ്റായി ലഭിക്കുമെന്ന് ഫോറം ഫോർ ജസ്റ്റിസ് (എഫ് എഫ് ജെ) പ്രസിഡന്റ് ടി.കെ.പ്രദീപ് അറിയിച്ചു.
ആറു മാസ ഗഡുക്കളായി തുച്ഛമായ പലിശയോടെ ഓവർ ഡ്രാഫ്റ്റ് തുക തിരിച്ചടയ്ക്കണം. ബാങ്കുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫാറത്തോടൊപ്പം പ്രോമിസറി നോട്ടുമുണ്ടാകും.
ആധാർ , പാൻ കാർഡ് എന്നിവയുടെ കോപ്പികൾ, ഫോട്ടോ, റവന്യൂ സ്റ്റാമ്പ് , ആറ് മാസത്തെ സാലറി സ്ലിപ്പ് എന്നിവ ഓവർ ഡ്രാഫ്റ്റിനായി ഹാജരാക്കണം.
ആറ് മാസത്തെ സാലറി സ്ലിപ്പ് ജി-സ്പാർക്കിൽ ലഭ്യമാകും. ഓണക്കാലത്ത് ജീവനക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് ജീവനക്കാരുടെ കൂട്ടായ്മയായ എഫ് എഫ് ജെ അറിയിച്ചു.