പാലാ: ലോക്ക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുന്പോൾ വിശ്രമത്തിലിരിക്കുന്ന കെഎസ്ആർടിസി ബസുകൾ പരിചരിക്കുന്ന തിരക്കിലാണ് മെക്കാനിക്കൽ വിഭാഗം ജീവനക്കാർ. ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതു മുതൽ മുഴുവൻ സർവീസുകൾക്കും പോകുവാനായി വണ്ടികൾ റെഡിയായിട്ടാണ് എപ്പോഴും ഇട്ടിരിക്കുന്നത്.
മൂന്നുദിവസം കൂടുന്പോൾ മെക്കാനിക്കൽ ജീവനക്കാർ 25 ബസുകൾക്ക് ഒരാളെന്ന നിലയിലാണ് എത്തുന്നത്. ബസ് സ്റ്റാർട്ടാക്കി അഞ്ച്, 10 മിനിറ്റ് ഇടവേളകളിൽ വണ്ടി ഓഫാക്കും. സ്റ്റാർട്ട് ചെയ്തു നിർത്തുന്നതിലൂടെ ബാറ്ററി തകരാറാകുന്നതു പരിഹരിക്കാൻ സാധിക്കും.
അസിസ്റ്റന്റ് വർക്ക് മാനേജർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഏഴു ഡിപ്പോയിലും ഇത്തരത്തിലുള്ള പരിശോധനകൾ കൃത്യമായി നടത്തുന്നത്.ലോക്ക്ഡൗണ്‍ തുടങ്ങിയ ആദ്യദിനം ബസുകൾ അണുനാശിനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കിയിരുന്നു.
ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ഡിപ്പോകളും ശുചീകരിച്ചു. പൊടിപിടിച്ചും അഴുക്കു നിറഞ്ഞതുമായ ബസുകളിലെ സ്ഥലനാമ ബോർഡുകൾ കഴിഞ്ഞ ദിവസം ജീവനക്കാർ കഴുകി ഉണക്കിയിരുന്നു.
ലോക്ക്ഡൗണ്‍ പിൻവലിക്കുന്നതിന്റെ തലേന്ന് ബസുകൾ വീണ്ടും കഴുകി വൃത്തിയാക്കി സർവീസ് നടത്താനായി ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് ഡിപ്പോ എൻജിനീയർമാർ പറഞ്ഞു.