കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപക്ഷ യൂണിയൻ പ്രവർത്തകരും പങ്കെടുക്കുന്നു. സമരം യാത്രക്കാരെ കാര്യമായി ബാധിച്ചു. പാലായിലാണ് സിഐടിയു, എഐടിയുസി യൂണിയൻ അനുകൂല പ്രവർത്തകരും ജോലിക്ക് ഹാജരാകാതിരുന്നത്. ഇതോടെ പാലായിൽനിന്നുള്ള സർവീസുകൾ കൂട്ടത്തോടെ മുടങ്ങി.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് അർധരാത്രിയിലാണ് ആരംഭിച്ചത്. പ്രതിപക്ഷ സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടിഡിഎഫ് ഐഎൻടിയുസി) നേതൃത്വത്തിലാണ് 24 മണിക്കൂർ പണിമുടക്ക് നടത്തുന്നത്.
തുടർച്ചയായ ശന്പള നിഷേധം അവസാനിപ്പിക്കുക, ശന്പള പരിഷ്കരണം നടപ്പിലാക്കുക, ഡിഎ കുടിശിക അനുവദിക്കുക, പുതിയ ബസുകൾ ഇറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് നടത്തുന്നത്. കോട്ടയം ജില്ലയിലെ മറ്റു ഡിപ്പോകളിലും സമരം ബാധിച്ചിട്ടുണ്ട്.