പാലാ: പാലാ-കോട്ടയം റൂട്ടിൽ രാത്രി സർവീസുകൾ വെട്ടിച്ചുരുക്കി കെഎസ്ആർടിസിയുടെ ഇരുട്ടടി. പാലാ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു രാത്രി എട്ടു മണിക്കുശേഷം കോട്ടയം ഭാഗത്തേയ്ക്കുള്ള ബസ് സർവീസുകളിലാണ് കെഎസ്ആർടിസി കള്ളക്കളി നടത്തുന്നത്.
രാത്രി എട്ടു മണിക്കുശേഷം പാലാ-കോട്ടയം റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഈ അവസ്ഥയിലാണ് ഓർഡിനറി ട്രിപ്പുകളും മുടക്കി കെഎസ്ആർടിസി ജനങ്ങളെ പെരുവഴിയിലാക്കുന്നത്. ഈ സമയം മറ്റു സ്ഥലങ്ങളിൽനിന്നു വരുന്ന ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് ബസുകൾ കുറവാണ് എന്നതു പ്രശ്നത്തിന്റെ രൂക്ഷത വർധിപ്പിക്കുന്നു. യാത്രക്കാർ നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിക്കാൻ അധികൃതർ തയാറായിട്ടില്ല.
പാലാ ഡിപ്പോയിൽ എത്തുന്ന യാത്രക്കാരിൽ ഭൂരിപക്ഷവും കോട്ടയത്തേയ്ക്ക് പോകേണ്ടവരാണ്. എന്നിട്ടും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ ബസുകൾ ക്രമീകരിക്കാൻ അധികൃതർ തയാറല്ല. ഒരു മണിക്കൂറിലേറെ മിക്ക ദിവസങ്ങളിലും യാത്രക്കാർ കാത്തുനിൽക്കേണ്ടിവരുന്നു.
ട്രിപ്പുകൾ മുടക്കുന്നതിനെ ചൊല്ലി യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററുമായി വാക്കുതർക്കം പതിവാണ്. പാലാ ഡിപ്പോയിൽനിന്നു ഈ സമയങ്ങളിലൊക്കെ പൊൻകുന്നം ഭാഗത്തേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ യാത്രക്കാർ നന്നേ കുറവാണ്. മലബാർ, എറണാകുളം ഭാഗത്തുനിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഈ റൂട്ടിൽ പാലായിലൂടെ കടന്നുപോകുന്ന അതേ സമയത്തുതന്നെയാണ് പൊൻകുന്നത്തേയ്ക്ക് ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നത്.
ഈരാറ്റുപേട്ടയിൽനിന്നു രാത്രി 8.20-ന് പാലായിലൂടെ കടന്നുപോയിക്കൊണ്ടിരുന്ന പുള്ളിക്കാനം-കോട്ടയം ഓർഡിനറി ബസ് മാസങ്ങൾക്കുമുന്പു തന്നെ നിർത്തലാക്കിയിരുന്നു. എന്നാൽ ഇപ്പോഴും ഡിപ്പോയിലെ എൻക്വയറിയിൽ അന്വേഷിക്കുന്ന യാത്രക്കാരോട് അവർ പറയാറുള്ളത്, ഈരാറ്റുപേട്ടയിൽനിന്ന് ഒരു ബസ് 8.20-ന് (അതായത് നിർത്തലാക്കിയ ഈ ബസ്) വരാനുണ്ടെന്നാണ്.