പാലാ: ഇരുപത്തിയെട്ടു വര്‍ഷമായി മുടങ്ങാതെ സര്‍വീസ് നടത്തിയിരുന്ന പാലാ-ചേര്‍പ്പുങ്കല്‍പള്ളി-ചെമ്പിളാവ്-പാദുവ-കിടങ്ങൂര്‍-കോട്ടയം കെഎസ്ആര്‍ടിസി ബസ് നിര്‍ത്തലാക്കിയതിനെതിരേ വ്യാപക പ്രതിഷേധം. പാലായില്‍നിന്നു രാവിലെ എട്ടിന് ആരംഭിച്ച് മുത്തോലി, മുത്തോലിക്കടവ്, ചേര്‍പ്പുങ്കല്‍പള്ളി, ചെമ്പിളാവ്, പാദുവ, കിടങ്ങൂര്‍ എന്‍ജിനീയറിംഗ് കോളജ്, കിടങ്ങൂര്‍ ക്ഷേത്രം, കിടങ്ങൂര്‍, ഏറ്റുമാനൂര്‍ വഴി കോട്ടയത്തിനു സര്‍വീസ് നടത്തിക്കൊണ്ടിരുന്ന ജനപ്രിയ ബസ് സര്‍വീസ് കഴിഞ്ഞ ഒന്‍പത് മാസമായി സര്‍വീസ് നടത്തുന്നില്ല.
വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും നാട്ടുകാരും ആശ്രയിച്ചിരുന്ന ബസ് വൈകുന്നേരം കോട്ടയത്തുനിന്നു നാലിന് പുറപ്പെട്ട് ഇതേ റൂട്ടില്‍ പാലായില്‍ എത്തുന്ന രീതിയിലായിരുന്നു സമയക്രമം. യാത്രാസൗകര്യം കുറഞ്ഞ ഈ റൂട്ടില്‍ രാവിലെയും വൈകുന്നേരവും നിരവധി യാത്രക്കാര്‍ക്കു പ്രയോജനപ്പെടുന്നതായിരുന്നു സര്‍വീസ്.
കഴിഞ്ഞ ശബരിമല സീസണ് ആരംഭിച്ചപ്പോള്‍ ബസുകളുടെ കുറവു പറഞ്ഞ് ഈ സര്‍വീസ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍, ശബരിമല സീസണ് കഴിഞ്ഞ് അടുത്ത ശബരിമല സീസണ് ആരംഭിക്കാന്‍ മാസങ്ങള്‍മാത്രം ശേഷിക്കേ ഇനിയും സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
പാലാ-ഏറ്റുമാനൂര്‍ റൂട്ടില്‍ പാദുവ, എന്‍ജിനിയറിംഗ് കോളജ്, കിടങ്ങൂര്‍ ക്ഷേത്രം വഴി ഉണ്ടായിരുന്ന സ്വകാര്യബസും മാസങ്ങള്‍ക്കു മുന്‍പ് സര്‍വീസ് നിര്‍ത്തിയതും വിദ്യാർഥികളെ വലയ്ക്കുകയാണ്. ഫലത്തില്‍ ഈ പ്രദേശങ്ങളില്‍നിന്നു രാവിലെ സ്കൂളില്‍ പോകാനും തിരികെയെത്താനും കുട്ടികള്‍ക്ക് ബസില്ലാത്ത അവസ്ഥയാണ്. അതിനാല്‍ തന്നെ കിലോമീറ്ററുകള്‍ സ്കൂള്‍ബാഗും തൂക്കി നടന്നാണ് കുട്ടികള്‍ സ്കൂളിലെത്തുന്നത്.
മുന്‍പ് പാലാ ഡിപ്പോയില്‍നിന്നായിരുന്നു ഈ സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ പിന്നീട് പൊന്‍കുന്നം ഡിപ്പോ സര്‍വീസ് ഏറ്റെടുക്കുകയായിരുന്നു. ബസുകളുടെയും മെക്കാനിക്കല്‍ ജീവനക്കാരുടെയും കുറവുകൊണ്ടാണ് സര്‍വീസ് തുടങ്ങാന്‍ സാധിക്കാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. ജീവനക്കാര്‍ കുറേപ്പേര് സ്ഥലം മാറിപ്പോയി. ജീവനക്കാരുടെ കുറവും ഉണ്ടായിരുന്നു.
നേരത്തേ പരാതിയുമായി എത്തിയ നാട്ടുകാരോട് ഉടന്‍തന്നെ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞിട്ടും ഒന്നും നടപ്പായില്ല.ബസ് സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നും അധികൃതര്‍ തയാറായില്ലെങ്കില്‍ ഡിപ്പോ ഉപരോധം ഉള്‍പ്പടെയുള്ള സമരപരിപാടികള്‍ നടത്തുമെന്നും നാട്ടുകാര്‍ പറഞ്ഞു.