ആലുവ: കെഎസ്ആർടിസി ബസിടിച്ച് പള്ളിമതിൽ തകർന്ന സംഭവത്തിൽ പള്ളി അധികൃതർ ആലുവ പോലീസിൽ പരാതി നല്കി. കഴിഞ്ഞ ജൂണ്‍ 26നാണ് ആലുവ പറവൂർ കവലയിൽ നിന്ന് സർവീസ് റോഡിലൂടെ അമിതവേഗതയിൽ വന്ന ബസ് തോട്ടയ്ക്കാട്ടുകര സിഗ്നൽ ജംഗ്ഷന് സമീപമുള്ള സെന്റ് ആൻസ് പള്ളി അങ്കണത്തിലേക്ക് ഇടിച്ചുകയറിയത്. മതിലും ഗേറ്റും തകർത്താണ് ബസ് നിന്നത്.
സംഭവസമയത്ത് നാട്ടുകാരും ഇടവക ജനങ്ങളും ചേർന്ന് വാഹനം തടയുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. ഈ സമയം ഡ്രൈവർ വികാരിയച്ചനെ സമീപിച്ച് ഗേറ്റും മതിലും പണിതുതരാമെന്ന് ഉറപ്പു നല്‍കിയതിനെതുടർന്ന് വിട്ടയ്ക്കുകയായിരുന്നു. എന്നാൽ പേരും മൊബൈൽ നന്പറും മാറ്റി നല്കി ഡ്രൈവർ മുങ്ങുകയായിരുന്നു. ഇതുവരെ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് പള്ളി വികാരിയും ഇടവകക്കാരും പോലീസിനു പരാതി നല്കി.
ഇതോടൊപ്പം കെഎസ്ആർടിസി എംഡി, എടിഒ എന്നിവർക്കും പരാതി നല്‍കിയിട്ടുണ്ട്. ഈ മാസം 30നു പള്ളി തിരുനാൾ ആയതിനാൽ പള്ളിയുടെ മതിലും ഗേറ്റും പള്ളി അധികാരികൾ പുതുക്കിപ്പണിതു. ആലപ്പുഴ ഡിപ്പോയിലെ കെഎൽ-15 8757 ആർഎൻഎം 476-ാം നന്പർ ബസാണ് മതിലിൽ ഇടിച്ചത്.