സ്വന്തം ലേഖകൻ
തൃശൂർ: ശബരിമല ഭക്തർക്ക് കയ്യൂക്കുണ്ടെങ്കിൽ നിലയ്ക്കലിൽ നിന്നും പന്പയിൽ നിന്നും ആനവണ്ടിയിൽ കയറിപ്പറ്റാം. നിലയ്ക്കലിൽ നിന്ന് പന്പയിലേക്കും പന്പയിൽ നിന്ന് നിലയ്ക്കലിലേക്കും കെഎസ്ആർടിസിയുടെ എസി, നോണ് എസി ബസുകൾ നടത്തുന്ന സർവീസുകളിൽ കയറിപ്പറ്റാൻ കയ്യൂക്കും മിടുക്കുമുള്ളവർക്ക് മാത്രം സാധിക്കുന്ന സ്ഥിതിയാണിപ്പോഴെന്ന് നടതുറന്ന ആദ്യദിവസങ്ങളിൽ ശബരിമലയ്ക്ക് പോയി വന്നവർ പറയുന്നു.
നിലയ്ക്കൽ പന്പ, പന്പനിലയ്ക്കൽ റൂട്ടിൽ അയ്യപ്പഭക്തർ നേരിടുന്ന ദുരിതം വളരെയധികമാണെന്ന് തൃശൂരിൽ നിന്നും ശബരിമലയ്ക്ക് പോയി ദർശനം കഴിഞ്ഞെത്തിയ പൂരപ്രേമിസംഘം പ്രസിഡന്റ് ബൈജു താഴക്കാട്ട് പറഞ്ഞു. അധികാരികൾ അടിയന്തിരമായി ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ തിരക്കേറുന്നതോടെ യാത്രാദുരിതം അതീവഗുരുതരമായ പ്രശ്നമായി മാറുമെന്നും നിരവധിപേർക്ക് വീണ് പരിക്കേൽക്കാൻ സാധ്യതയേറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശബരിമലയിൽ ദർശനത്തിന് വരുന്നവരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. അവിടെ നിന്ന് പന്പയിലേക്ക് പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസിയെ ആശ്രയിക്കണം. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരടക്കം അനവധി പേരാണ് നിലയ്ക്കലിൽ വന്നുകൊണ്ടിരിക്കുന്നത്.
ഇവർക്കെല്ലാം പന്പയിലേക്ക് പോകാനുള്ള ബസുകൾ ഉണ്ടെങ്കിലും തിക്കും തിരക്കും കൂട്ടാതെ ബസിൽ കയറാനുള്ള സംവിധാനങ്ങൾ നിലയ്ക്കലിലോ പന്പയിലോ ഒരുക്കിയിട്ടില്ല. ബസ് വരുന്പോൾ നൂറിലധികം അയ്യപ്പഭക്തർ ഒരുമിച്ച് ബസിൽ കയറാൻ ബസിനു പിന്നാലെ ഓടുന്ന സ്ഥിതിയാണുള്ളതെന്നും പലരും ഈ വെപ്രാളപ്പാച്ചിലിനിടെ വീഴുന്നുണ്ടെന്നും ദർശനം നടത്തി തിരിച്ചെത്തിയവർ പറഞ്ഞു.
നിലയ്ക്കലിലും പന്പയിലും ഭക്തർക്ക് വരി നിന്നു ബസിൽ കയറാനായി ബാരിക്കേഡുകൾ നിർമിച്ച് ക്യൂ സംവിധാനം ഏർപ്പെടുത്തി ഇപ്പോഴുള്ള പോലീസിന്റെ സേവനം കുറേക്കൂടി നല്ലരീതിയിൽ ഉപയോഗപ്പെടുത്തിയാൽ യാത്രാപ്രശ്നം പരിഹരിക്കാവുന്നതേയുള്ളു. സംവിധാനങ്ങളോട് സഹകരിക്കാൻ അയ്യപ്പഭക്തർ തയ്യാറാണെന്നും പറയുന്നു.
ഇപ്പോൾ ബസിൽ കയറാൻ വേണ്ടിയുള്ള പരക്കംപാച്ചിൽ പലപ്പോഴും അയ്യപ്പഭക്തർ തമ്മിലുള്ള വാക്കേറ്റങ്ങൾക്കും തർക്കങ്ങൾക്കുമിടയാക്കുന്നുണ്ട്. വൻതിരക്ക് വരും ദിവസങ്ങളിൽ ശബരിമലയിലനുഭവപ്പെടുമെന്നതുകൊണ്ടു തന്നെ അധികാരികൾ അടിയന്തിരമായി ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കണം.