പത്തനംതിട്ട: കെഎസ്ആർടിസി ശബരിമല റൂട്ടിൽ അടക്കം ഓടിക്കുന്ന ബസുകളുടെ ശോചന്യാവസ്ഥയെ സംബന്ധിച്ച് പരാതികളേറുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിൽ പന്പയിലേക്ക് ഓടിച്ച രണ്ട് ബസുകളുടെ ടയറുകളാണ് പൊട്ടിത്തെറിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ചാലക്കയത്തിനുസമീപം കെയുആർടിസിയുടെ ജൻ റം നോണ് എസി ലോ ഫ്ളോർ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു. ഞായറാഴ്ച മറ്റൊരു ബസിന്റെ ടയർ നിലയ്ക്കലിൽ പൊട്ടിത്തെറിച്ചു.
യാത്രാതിരക്കുള്ളതും വളവുകളും കയറ്റവും നിറഞ്ഞതുമായ പന്പ റൂട്ടിൽ ഓടിക്കുന്ന ബസുകൾക്ക് യാതൊരു സുരക്ഷാ പരിശോധനയും നടത്താറില്ല. മാസപൂജയ്ക്കു നട തുറന്നപ്പോൾ മറ്റു ഡിപ്പോകളിൽ നിന്ന് ചെയിൻസർവീസിനായി നിലയ്ക്കലിൽ എത്തിച്ച ബസുകളുടെ ടയറുകളാണ് പൊട്ടിത്തെറിച്ചത്.
സീസണിലും മാസപൂജാ സമയത്തും നിലയ്ക്കലിൽ ചെയിൻ സർവീസിനായി കൊണ്ടുവരുന്ന ബസുകളിൽ ദൈനംദിന പരിശോധനകൾ ഉണ്ടാകാറില്ല. ടയറുകൾ പഴയതെന്നു ബോധ്യപ്പെട്ടാലും ഇതു മാറിയിടാനുള്ള സംവിധാനവും ഉണ്ടാകാറില്ല.
സ്പെയർപാർട്സുകളോ അറ്റകുറ്റപ്പണിക്കാവശ്യമായ സംവിധാനങ്ങളോ നിലയ്ക്കലിലേക്ക് കെഎസ്ആർടിസി നൽകാറുമില്ല. ആറു ജീവനക്കാരെയാണ് അറ്റകുറ്റപ്പണിക്കായി നിലയ്ക്കലിലേക്ക് നിയോഗിക്കുന്നത്.
35 ബസുകളാണ് ചെയിൻ സർവീസിനായി മാസപൂജയുടെ സമയത്ത് നിലയ്ക്കലിൽ എത്തിക്കുന്നത്. ഇവയിലധികവും കാലപ്പഴക്കം ചെന്നവയും അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തവയുമായിരിക്കും.
നിലയ്ക്കൽ – പന്പ റൂട്ടിൽ ചെയിൻസർവീസിനു നൽകിയ ബസുകൾ സീസണ് സമയത്ത് അറ്റകുറ്റപ്പണിക്കായി പത്തനംതിട്ട ഡിപ്പോയിലാണ് എത്തിച്ചിരുന്നത്. എന്നാൽ ഇതു തിരികെ ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നതിനാൽ അത്യാവശ്യ അറ്റകുറ്റപ്പണി നടത്തി നിലയ്ക്കലിൽ തന്നെ സർവീസ് നടത്താറുമുണ്ട്.
ഇത്തരം ബസുകൾ പലപ്പോഴും വഴിയിൽ തകരാറായി കിടക്കേണ്ടിവരുന്നു. ബസുകളുടെ എണ്ണം കുറയുന്നതു കാരണം തിരക്ക് വർധിക്കുന്നതും യാത്രാബുദ്ധിമുട്ടാണുണ്ടാക്കുന്നത്.
ബസുകളുടെ ശോച്യാവസ്ഥയും തിരക്കും കാരണം പലപ്പോഴും സുഗമമായ യാത്രയ്ക്കു ഭീഷണിയാകുന്നു. ലോ ഫ്ളോർ ജൻ റം ബസുകളുടെ പാർട്സുകൾ പലതും സാധാരണ വർക്ക്ഷോപ്പുകളിൽ ലഭ്യമല്ല.
ഇവയിലധികവും അറ്റകുറ്റപ്പണി നടത്താൻ പോലുമാകാത്ത സ്ഥിതിയിലാണ്. ഇത്തരം ബസുകൾ നിലയ്ക്കൽ റൂട്ടിൽ സർവീസിന് അയയ്ക്കുന്നതു തന്നെ തീർഥാടകരുടെ ജീവനു ഭീഷണിയാകും.