പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ശബരിമല മണ്ഡല കാല – മകരവിളക്ക് തീർഥാടന കാലത്ത് പമ്പ സർവീസുകൾ നടത്തുന്നതിന് കെഎസ്ആർടി സി നിയന്ത്രണം ഏർപ്പെടുത്തി. ഇത് ശബരിമല തീർത്ഥാടകരെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
മുൻ വർഷങ്ങളിൽ എല്ലാ ഡിപ്പോകളിൽ നിന്നും പ്രധാന കേന്ദ്രങ്ങളിൽ നിന്നും കെ എസ് ആർ ടി സി തീർത്ഥാടകരുടെ സൗകര്യത്തിനനുസരിച്ച് പമ്പ സർവീസ് നടത്തിയിരുന്നു. ഈ തീർത്ഥാടന കാലത്ത് ഒട്ടുമിക്ക ഡിപ്പോകളിൽ നിന്നും പമ്പ സർവീസ് ആരംഭിച്ചിട്ടില്ല.
40 തീർഥാടകർ ഇല്ലെങ്കിൽ പമ്പ സർവീസ് നടത്തേണ്ടതില്ല എന്നാണ് മാനേജ്മെന്റ് യൂണിറ്റ് അധികൃതർക്ക് നല്കിയിരിക്കുന്ന നിർദ്ദേശം. നഷ്ടമുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കുമെന്ന് ഭീഷണിയുമുണ്ട്. യൂണിറ്റ് അധികൃതർ ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറുമല്ല.
പമ്പയിലേക്ക് ചാർട്ടേഡ് ബസുകൾ അയയ്ക്കാനും, ഗ്രൂപ്പ് യാത്രക്കാർക്കായി ബസുകൾ അയയ്ക്കാനുമാണ് ബജറ്റ് ടൂറിസം സെല്ലിനും യൂണിറ്റ് അധികൃതർക്കും നല്കിയിട്ടുള്ള നിർദ്ദേശം.
എന്നാൽ ഒരൊറ്റ സംഘം തീർത്ഥാടകർ പോലും ഇതുവരെ ഒരു ബസുപോലും ബുക്ക് ചെയ്തിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ പമ്പയിലേയ്ക്ക് പതിനഞ്ചോളം ചാർട്ടേഡ് ബസുകൾ അയയ്ക്കാൻ കഴിഞ്ഞു.
ചാർട്ടേഡ് ബസും ഗ്രൂപ്പ് ബസും അയയ്ക്കാൻ താല്പര്യമെടുക്കുന്നതിനിടയിൽ സാധാരണ തീർഥാടകരെ അവഗണിക്കുകയാണ്.പല ഡിപ്പോകളിലും ഇത് തീർത്ഥാടകരും ജീവനക്കാരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുന്നു.
കഴിഞ്ഞ ദിവസം അടൂർ ഡിപ്പോയിൽ സംഭവിച്ചതും ഇതാണ്. പമ്പയിലേയ്ക്ക് ബസ് ഇല്ലെന്ന് ജീവനക്കാർ അറിയിച്ചപ്പോൾ തീർഥാടകർ ക്ഷുഭിതരായി. സ്ഥലം എം എൽ എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലത്തെത്തി.
പ്രശ്നങ്ങൾക്ക് ശേഷം പത്തനംതിട്ടയിൽനിന്നും ബസ് എത്തിച്ച് ഡിപ്പോയിലുണ്ടായിരുന്ന 31 തീർഥാടകരെ പമ്പയിലേക്ക് കൊണ്ടുപോയി.
ജനപ്രതിനിധികൾ ഇടപെട്ടില്ലെങ്കിൽ ഡിപ്പോകളിൽ നിന്നും പമ്പ സർവീസ് ഇല്ലെന്ന അവസ്ഥയാണ് ഇപ്പോൾ.
തീർത്ഥാടകരുടെ പരാതിയുമായി ഡിപ്പോയിലെത്തുന്ന എംഎൽഎ മാർ ജീവനക്കാരോട് മോശമായി പെരുമാറാതെ മാനേജ്മെന്റ് തലത്തിൽ ഇടപെടണമെന്നും, ജീവനക്കാർക്ക് വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കണമെന്നും അടൂർ സംഭവത്തെക്കുറിച്ച് ഫോറം ഫോർ ജസ്റ്റിസ് പ്രസിഡന്റ് ടി.കെ.പ്രദീപ് അഭിപ്രായപ്പെട്ടു.
എന്നാൽ പമ്പ സർവീസ് കെഎസ് ആർ ടി സി യ്ക്ക് ബംപർ കളക്ഷനാണ് സമ്മാനിക്കുന്നത്. ഇതുവരെ നിലയ്ക്കൽ – പമ്പ സർവീസിൽ നിന്നുമാത്രം ഏഴ് കോടിയിലധികം രൂപ നേടാൻ കഴിഞ്ഞതായാണ് കെ എസ് ആർ ടി സി യുടെ കണക്കുകൾ വ്യക്തമാക്കുന്നത്.