ചാത്തന്നൂർ: പമ്പയിലെത്തുന്ന ശബരിമല തീർഥാടകരുടെ യാത്രാബുദ്ധിമുട്ട് ഒഴിവാക്കാൻ കെഎസ്ആർടിസിയുടെ സൗജന്യ ബസ് യാത്ര. പമ്പയിൽ നിന്നു ത്രിവേണിയിലേക്കും തിരിച്ചുമാണ് കെഎസ്ആർടസി ബസുകൾ സൗജന്യയാത്ര നടത്തുന്നത്. മൂന്ന് ബസുകളാണ് സൗജന്യ സർവീസിന് വേണ്ടി തയാറാക്കിയിട്ടുള്ളത്. തീർഥാടകർ നിറയുന്നതനുസരിച്ച് ഈ ബസുകൾ അങ്ങോട്ടുമിങ്ങോട്ടും സർവീസ് നടത്തും.
കുറഞ്ഞത് 40 പേരുണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് പ്രത്യേക ചാർട്ടേഡ് സർവീസ് നടത്തും. ശബരിമല മണ്ഡല മഹോത്സവുമായി ബന്ധപ്പെട്ട് പമ്പ ബസ് സ്റ്റേഷനിൽ നിന്ന് വിപുലമായ തയാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
ദീർഘദൂര സർവീസ്, നിലയ്ക്കൽ ചെയിൻ സർവീസ് എന്നിവയ്ക്കായി 200 ബസുകളാണ് ആദ്യഘട്ടത്തിൽ പമ്പ ബസ് സ്റ്റേഷനിലേക്ക് മാത്രം അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെയാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ശബരിമല സർവീസുകൾ.
പമ്പയില്‍ നിന്ന് നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസുകള്‍ ത്രിവേണിയിൽ നിന്നാണ് ആരംഭിക്കുക. ദീര്‍ഘദൂര ബസുകള്‍ പമ്പ ബസ് സ്റ്റേഷനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നു.
ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീര്‍ഘദൂര സര്‍വീസുകളുണ്ട്.