പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സർക്കാർ ജീവനക്കാർക്കും സ്ഥിരം യാത്രക്കാർക്കുമായി കെഎസ് ആർ ടി സി നടപ്പാക്കാൻ തീരുമാനിച്ച ബോണ്ട് സർവീസ് ജില്ലയിൽ ‘പഞ്ചറായി’.
ജില്ലയിലെ ഒരു ഡിപ്പോയിൽ നിന്നും ഒരു സർവീസ് പോലും ഇതുവരെ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. കൊല്ലത്തു നിന്നും കോട്ടയത്തേയ്ക്കും പുനലൂരിൽ നിന്നും കൊല്ലത്തേക്കും കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്കും ഓരോ സർവീസ് നടത്താൻ കൊല്ലം പുനലൂർ ഡിപ്പോ അധികൃതർ കിണഞ്ഞു പരിശ്രമിക്കുകയാണ്.
ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബോണ്ട് സർവീസ് നടത്താൻ തീരുമാനമെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും കൊല്ലം ജില്ലയിൽ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.കോവിഡ് കാലത്തെ പ്രത്യേക യാത്രാ സൗകര്യം ഒരുക്കൽ എന്ന നിലയിലാണ് ബോണ്ട് സർവീസ് നടത്താൻ പദ്ധതിയിട്ടത്.
യാത്രക്കാർ ആവശ്യപ്പെടുന്ന കേന്ദ്രത്തിലേയ്ക്കാണ് സർവീസ് നടത്തുന്നത്. ഒരു ബസിലേക്ക് 40 യാത്രക്കാരുണ്ടാവണം. അങ്ങോട്ടും തിരിച്ചുമുള്ള യാത്രാക്കൂലി മുൻകൂറായി അടയ്ക്കുമ്പോൾ യാത്രക്കാർക്ക് പ്രത്യേക കാർഡ് നൽകും.
ഒരു കാർഡ് ഉപയോഗിച്ച് 20 ദിവസം യാത്ര ചെയ്യുന്നതാണ് പദ്ധതി. യാത്രക്കാരുടെ സ്വകാര്യ വാഹനം യാത്രാ സമയത്ത് പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യംവരെ ട്രാൻസ്പോർട്ട് കോർപ്പറേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.
ട്രാവൽ ഏജൻസികളുടെയും സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങൾ കരാർ വ്യവസ്ഥയിൽ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. അതേ രീതിയിൽ കെഎസ്ആർടിസി പദ്ധതി തയാറാക്കിയപ്പോൾ വിജയകരമായി നടപ്പാക്കാൻ കഴിയുന്നില്ല.
കെ എസ് ആർ ടി സിയെ സ്വന്തം സ്ഥാപനമായി നെഞ്ചിലേറ്റുന്നുവെന്നവകാശപ്പെടുന്ന കേരളത്തിലാണ് കരാർ വ്യവസ്ഥയിൽ യാത്ര ചെയ്യാൻ സ്ഥിരം യാത്രക്കാരും ഉദ്യോഗസ്ഥരും മടിക്കുന്നത്.
കോൺട്രാക്ട് ക്യാരേജുകാർ ഈടാക്കുന്നതിലും കുറഞ്ഞ തുകയാണ് കെഎസ്ആർടിസി നിശ്ചയിച്ചിട്ടുള്ളതെന്ന് ഡിപ്പോ അധികൃതർ പറഞ്ഞു.