തിരുവനന്തപുരം: തലസ്ഥാനത്ത് ഗതാഗതം തടസപ്പെടുത്തി നടത്തിയ സമരത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബസുകൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്ത അഞ്ചു ഡ്രൈവർമാർക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
സമരത്തിൽ പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ഗതാഗത തടസവും ക്രമസമാധാന പ്രശ്നവും ഉണ്ടായപ്പോഴാണ് പോലീസ് ഇടപെട്ടത്. പോലീസുകാരെ കെഎസ്ആർടിസി ജീവനക്കാർ കൈയേറ്റം ചെയ്തു. ഇതിനാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ എടുത്തതെന്നും കമ്മീഷണർ വ്യക്തമാക്കി.
കുഴഞ്ഞുവീണയാളെ ആശുപത്രിയിൽ എത്തിക്കാനും വൈകിയില്ല. കൺട്രോൾ റൂമിൽ വിവരമെത്തി ഏഴ് മിനിറ്റിനുള്ളിൽ ആശുപത്രിയിൽ എത്തിച്ചതായും സിറ്റി പോലീസ് കമ്മീഷണർ കളക്ടർക്ക് വിശദീകരണം നൽകി.
സമരത്തിൽ പങ്കെടുത്ത ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും ലൈസൻസ് റദ്ദാക്കും. ഇവരുടെ പട്ടിക പോലീസ് ഗതാഗത കമ്മീഷണർക്കും കൈമാറിയിട്ടുണ്ട്. 50 ബസുകളിലെ ജീവനക്കാർ കുറ്റക്കാരാണെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്.