പറവൂർ: കെഎസ്ആർടി ബസ് പിന്തുടർന്ന് തടഞ്ഞ ഒരു സംഘമാളുകളുടെ ഫോട്ടോ മൊബൈൽ കാമറയിൽ പകർത്തിയ വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കു മർദനം. ഇതുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂർ സ്വദേശികളായ രണ്ടു പേരെ വടക്കക്കേര പോലീസ് അറസ്റ്റ് ചെയ്തു.
കൊടുങ്ങല്ലൂർ കാവിൽകടവ് അടിച്ചാൽ സന്തോഷ്(42), ഖലപ്പാട്ട് ഉണ്ണികൃഷ്ണൻ(35) എന്നിവരാണ് അറസ്റ്റിലായത്. വടക്കേക്കര സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥ പി.എൻ. ഷീജയെ (40) ആണ് മർദിച്ചത്.
പരിക്കേറ്റ ഷീജ പറവൂർ താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സതേടി. എൻഎച്ച് 17ൽ തുരുത്തിപ്പുറത്തുവച്ചാണ് സംഭവം. ഗുരുവായൂരിൽനിന്നു ചേർത്തലയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ ബൈക്കിൽ പിന്തുടർന്ന് എത്തിയ 10 പേർ അടങ്ങുന്ന സംഘമാണ് തടഞ്ഞത്. നേരത്തെ ഈ ബസ് കോട്ടപ്പുറം പാലത്തിൽവച്ച് ഈ സംഘം തടഞ്ഞിരുന്നു.
ശബരിമലയിൽ യുവതീ പ്രവേശനം നടന്നതിലുള്ള പ്രതിഷേധക്കാരായിരുന്നു ഇവർ. കൊടുങ്ങല്ലൂർ പോലീസെത്തി ഇവരെ നീക്കുകയും ബസ് കടത്തിവിടുകയും ചെയ്തിരുന്നു. ഈ സമയത്ത് ബസിൽനിന്നു പ്രതിഷേധക്കാർക്കുനേരേ കൂവലുണ്ടായതായി പറയുന്നു. ഇതിൽ പ്രകോപിതരായാണ് സംഘം വീണ്ടും ബൈക്കിൽ ബസിനെ പിന്തുടർന്ന് തുരുത്തിപ്പുറത്ത് എത്തിയത്.
ബസ് തടയുകയും യാത്രക്കാരെ ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ട ഷീജ ഇതു കാമറയിൽ പകർത്തുകയായിരുന്നു.
മറ്റൊരു ബസ് തകർത്ത ചിത്രമെടുത്തശേഷം സ്റ്റേഷനിലേക്കു വരികയായിരുന്നു ഷീജ. മൊബൈലിൽ പടമെടുക്കുന്നത് കണ്ട യുവാക്കൾ മൊബൈൽ പിടിച്ചുവാങ്ങുകയും കരണത്ത് അടിക്കുകയും ചെയ്തു. പിന്നീട് റോഡിൽ തള്ളിയിട്ടു. ഈ സമയം അപ്രതീക്ഷിതമായി എത്തിയ കെഎസ്ആർടിസി ജീവനക്കാരനായ ഷീജയുടെ ഭർത്താവിനുനേരേയും കൈയേറ്റ ശ്രമമുണ്ടായി.
അക്രമി സംഘത്തിൽ 10 പേരുണ്ടായിരുന്നതായി വടക്കേക്കര പോലീസ് പറഞ്ഞു. അക്രമികൾ വലിച്ചെറിഞ്ഞ ഷീജയുടെ ഫോണ് കണ്ടെത്താനായിട്ടില്ല. മുഴുവൻ പ്രതികൾക്കായും തെരച്ചിൽ തുടരുകയാണ്.