കൊല്ലം: കെഎസ്ആർടിസിയുടെ കൊട്ടാരക്കര ഡിപ്പോയിക്കു സമീപത്തു നിന്നും കാണാതായ ബസ് പാരിപ്പള്ളിയിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽ നിർണായക തെളിവ് പോലീസിന് ലഭിച്ചു.
പാരിപ്പള്ളി സ്വദേശിയായ യുവാവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇയാൾ വൈകാതെ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
യുവാവ് പാരിപ്പള്ളിയിൽ ബസ് നിർത്തിയിട്ടശേഷം ഒരു ബാഗുമായി ബസിൽനിന്നിറങ്ങുന്ന സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ഇയാളെ ചുറ്റിപ്പള്ളിയുള്ള അന്വേഷണമാണ് പോലീസ് നടത്തിവരുന്നത്.
ആർഎസി. 354 നമ്പരിലുള്ള വേണാട് ബസാണ് കാണാതായതും പിന്നീട് കണ്ടെത്തിയതും. ഞായറാഴ് രാത്രി 12 ഓടെ ഗാരേജിലെ പരിശോധനകൾക്കു ശേഷം കെഎസ്ആർറ്റിസി ഡിപ്പോയ്ക്കു സമീപം ദേശീയപാതയോരത്ത് ബസ് പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നു.
ഇന്നലെ പുലർച്ചെ 6.30ന് ഡിപ്പോയിലെത്തിയ ഡ്രൈവർ സർവീസ് നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബസെടുക്കാൻ ചെല്ലുമ്പോഴാണ് കാണാതായതായി മനസിലാക്കുന്നത്.
ഡിപ്പോ അധികൃതരെ ഡ്രൈവർ വിവരമറിയിക്കുകയും അധികൃതർ പോലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നു നടന്ന വ്യാപക അന്വേഷണത്തിലാണ് പാരിപ്പള്ളിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
കെ എസ്ആർറ്റി സി ഡിപ്പോയിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ച് ബസ് കടത്തിക്കൊണ്ടുപോയയാളെ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു.
കൊട്ടാരക്കരയിയെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യക്തമായ വിവരമെന്നും ലഭിച്ചിട്ടില്ലെന്ന് റൂറൽ എസ്പി പറഞ്ഞു. പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷണം നടത്തിവരുന്നത്.
സംശയകരമായ സാഹചര്യത്തിൽ പിടിയിലായ ചിലരെ ചോദ്യം ചെയ്തുവരുന്നതായും എസ്പി വ്യക്തമാക്കി. പാരിപ്പള്ളിയിൽനിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങൾക്കാണ് കൂടുതൽ വ്യക്തതയുള്ളത്. അത് കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മുഖ്യമായിട്ടുള്ളതെന്നും റൂറൽ എസ്പി പറഞ്ഞു.