കൊല്ലം: കെഎസ് ആർടിസി ജീവനക്കാരെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന നയം തിരുത്തണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പും സെക്രട്ടറി എസ്.ജയമോഹനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.സർവീസുകൾ വെട്ടിക്കുറച്ചും ജനങ്ങളുടെ യാത്രാക്ലേശം വർദ്ധിപ്പിച്ചും, ജീവനക്കാരുടെ ജോലിഭാരം ഏകപക്ഷീയമായി മാറ്റം വരുത്തിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ജില്ലയിൽ ഇതിനകം 108 ഷെഡൂളുകൾ വെട്ടിക്കുറച്ചു. ഗ്രാമപ്രദേശങ്ങളിൽ ജനങ്ങളുടെ യാത്രാക്ലേശം വർധിച്ചുവരികയാണ്. ജീവനക്കാരെ തലങ്ങുംവിലങ്ങും സ്ഥലം മാറ്റുകയും, മാറ്റം ചെയ്യുന്നതിന്റെ പേരിലുള്ള അസ്വസ്തത വ്യാപകമാണ്. കെഎസ് ആർടിസി ക്ക് നല്ല വരുമാനം ലഭിക്കുന്ന ചെയിൻ സർവ്വീസുകളാണ് അധികവും നിർത്തലാക്കിയത്.
ഗ്രാമ പ്രദേശങ്ങളിലേയ്ക്കുള്ള സർവ്വീസുകളും ഇല്ലാതായാൽ പാരലൽ സർവ്വീസുകൾ വർദ്ധിക്കുകയും കെ.എസ്.ആർ.റ്റി.സി കൂടുതൽ സാന്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുകയും ചെയ്യും. കെഎസ് ആർടിസിയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണം. ജീവനക്കാർക്ക് ഡ്യൂട്ടി ഇല്ലാതെ മടങ്ങിപോകേണ്ടിവരുന്ന അവസ്ഥയും, ജനങ്ങൾക്ക് യാതൊരു സൗകര്യങ്ങളും ഇല്ലാതാകുകയും ചെയ്യുന്ന നടപടി ഉടൻ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ പറഞ്ഞു.