സ്വന്തം ലേഖകൻ
കോഴിക്കോട്: നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തുന്പോഴും കെഎസ്ആർടിസി പാഴ്്സൽ സർവീസുകളോട് മുഖം തിരിക്കുന്നു. ബസുകളിൽ ചരക്കുകൾ കൊണ്ടുവരുന്നതിലെ സാങ്കേതികത്വമാണു കെഎസ്ആർടിസിക്ക് തിരിച്ചടിയാവുന്നത്. ബസിൽ യാത്രചെയ്യുന്നവർ കയറ്റുന്ന പാഴ്സലുകൾ മാത്രം കൊണ്ടുവന്നാൽ മതിയെന്നാണ് കെഎസ്ആർടിസി തീരുമാനം. ഇതോടെ ഈ മേഖലയിൽ സ്വകാര്യ ബസുകൾ വൻ ലാഭം കൊയ്യുകയാണ്.
അന്യസംസ്ഥാനങ്ങളിൽ നിന്ന് ലോഡുകണക്കിന് സാധനങ്ങളാണ് സ്വകാര്യ ബസുകൾ ദിനംപ്രതി കൊണ്ടുവരുന്നത്. അതും ബസിൽ ചരക്കുകളുടെ ഉടമസ്ഥരുണ്ടോ എന്നുനോക്കിയുമല്ല. രാത്രി കാലങ്ങളിൽ മൈസൂർ, ഉൗട്ടി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സ്വകാര്യ ബസുകൾ പ്രധാനമായും സർവീസ് നടത്തുന്നത് ചരക്കുകൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് സ്റ്റാൻഡുകളിൽ നിന്ന് ഇടനിലക്കാരൻ വഴിയാണ് സ്വകാര്യ ബസുകൾ ചരക്കുകൾ കൊണ്ടുവരുന്നത്. ഇത് കൊണ്ടു തന്നെ ചരക്കുകൾ കൊണ്ടുവരുന്നതിന് ആവശ്യമായത്രയും വലിയ കേരിയറുകളാണ് സ്വകാര്യ ബസുകൾക്ക് മുകളിൽ ഉള്ളത്. കെഎസ്ആർടിസി ബസുകൾക്ക് ബസിന്റെ 20 ശതമാനം വലുപ്പം പോലുമില്ലാത്ത ചെറിയ കാരിയറുകളാണ് ഉള്ളത്.
യാത്രക്കാർ ഇല്ലാത്ത പാഴ്്സലുകൾ കൊണ്ടുവരാത്തത് മൂലം ഈ ചെറിയ കേരിയറിൽ പോലും സാധനങ്ങൾ കൊണ്ടുവരാൻ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. മൈസൂർ, ഉൗട്ടി എന്നിവിടങ്ങളിൽ നിന്ന് കൊണ്ടുവരുന്ന പൂക്കളും മാത്രമാണ് കെഎസ്ആർടിസിക്ക് ഉള്ള ഏക വരുമാനം.
കോഴിക്കോട് പാളയം സ്റ്റാൻഡിലും, പുതിയ ബസ് സ്റ്റാൻഡിലും നിരവധി ലോഡിംഗ് തൊഴിലാളികൾ രാത്രി ജോലിചെയ്യുന്പോൾ കെഎസ്ആർടിസി സ്റ്റാൻഡിൽ രണ്ടുപേർ മാത്രമേ ജോലിചെയ്യുന്നുള്ളൂ. ഇവർക്കുള്ള ജോലി പോലും ഇവിടെ ഇല്ല. എന്നാൽ യാത്രക്കാരില്ലാത്ത ചരക്കുകൾ കൊണ്ടുവരുന്പോൾ ഉണ്ടാവുന്ന സുരക്ഷാഭീഷണി മുന്നിൽ കണ്ടാണ് ഈ നടപടിയെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നു.
സ്വകാര്യ ബസുകളിലെ പാഴ്സൽ സർവീസുകൾ പലതും വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ഈ സംവിധാനം കെഎസ്ആർടിസിയിൽ നടപ്പിലാക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഈ മേഖലയിൽ കൂടി വളർച്ച കൈവരിക്കാൻ കഴിഞ്ഞാൽ നഷ്ടകണക്കിൽ നിന്നും അൽപം മുക്തി നേടാൻ കെഎസ്ആർടിസിക്കുകഴിയുമെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.