വെള്ളമുണ്ട: യാത്രാ പാസ് നൽകാതെ കെഎസ്ആർടിസിയും കർക്കശ നിലപാടുമായി പ്രൈവറ്റ് ബസുകളും വിദ്യാർഥികൾക്ക് നേരെ തിരിയുന്പോൾ സമയത്ത് സ്കൂളിലും വീട്ടിലുമെത്താനാവാതെ ദുരിതം പേറുകയാണ് പഠിതാക്കൾ.
മാനന്തവാടി താലൂക്കിലെ മാനന്തവാടി-നിരവിൽപ്പുഴ, വാളാട്, കുളത്താട, നാരോക്കടവ്, പന്തിപ്പൊയിൽ തുടങ്ങിയ സ്ഥലങ്ങളിലെ ആയിരക്കണക്കിന് വിദ്യാർഥികളാണ് അധികൃതരുടെ തല തിരിഞ്ഞ നിയമം കാരണം പ്രയാസത്തിലായത്.
പന്തിപ്പൊയിൽ, നാരോക്കടവ് പ്രദേശത്തേക്ക് ഓരോ കെഎസ്ആർടിസി ബസ് മാത്രമാണ് ഓടുന്നത്. ഒരു ബസ് മാത്രമായതിനാൽ വിദ്യാർഥികൾക്ക് പാസ് നൽകാനാവില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രൈവറ്റ് ബസുകൾ ഇല്ലാത്ത ഈ റൂട്ടിൽ ഫുൾ ടിക്കറ്റെടുത്താണ് വിദ്യാർഥികൾ യാത്ര ചെയ്യുന്നത്. മാനന്തവാടി, ദ്വാരക, എട്ടേനാൽ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് കുട്ടികൾ പഠനം നടത്തുന്നുണ്ട്. സമയത്ത് വിദ്യാലയങ്ങളിലെത്താൻ പലപ്പോഴും വലിയ തുക നൽകി യാത്ര ചെയ്യേണ്ട അവസ്ഥയാണ്.
കൂടുതൽ ബസുകൾ ഓടുന്ന നിരവിൽപ്പുഴ റൂട്ടിലാവട്ടെ പ്രൈവറ്റ് ബസുകൾ ഉള്ളതിനാൽ പാസ് നൽകാനാവില്ലെന്നാണ് കെഎസ്ആർടിസിയുടെ ചട്ടം. സ്കൂൾ സമയങ്ങളിൽ രണ്ടോ മൂന്നോ പ്രൈവറ്റ് ബസുകളാണ് ഉള്ളത്. എട്ടേനാൽ ടൗണിൽ മാത്രം അഞ്ഞൂറോളം വിദ്യാർഥികൾ ബസ് യാത്രക്കാരായി ഉണ്ട്. ഇവരെ മുഴുവൻ ഉൾക്കൊള്ളാനാവാതെ പ്രൈവറ്റ് ബസ് ജീവനക്കാരും പ്രയാസപ്പെടുകയാണ്.
ഉൾക്കൊള്ളാവുന്നതിലും കൂടുതൽ വിദ്യാർഥികൾ കയറുന്നതിനാൽ ഫുൾ ടിക്കറ്റ് യാത്രക്കാരെയും കയറ്റാനാവുന്നില്ല. നിശ്ചിത വിദ്യാർഥികളേ മാത്രമേ കയറ്റാനാകൂ എന്ന കർക്കശ നിലപാട് പ്രൈവറ്റ് ബസുകളും എടുക്കുകയാണ്. നാമമാത്ര ബസുകളിൽ കയറാനാകാതെ നേരം ഇരുട്ടുന്നതു വരെ വിദ്യാർഥിനികളടക്കമുള്ള യാത്രക്കാർ ടൗണകളിൽ ബസ് കാത്തു നിൽക്കുന്നത് പതിവുകാഴ്ചയാണ്.
40 ശതമാനം പാസുകളെ അനുവദിക്കാനാവൂ എന്ന ചട്ടം ഉയർത്തി പാസ് നിരസിക്കുന്പോൾ റോഡരികിൽ ബസ് കിട്ടാതെ അലയുന്ന വിദ്യാർഥികളുടെ ദുരിതം ഇരട്ടിക്കുകയാണ്. മുൻവർഷങ്ങളിലെപ്പോലെ സ്കൂൾ സമയങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി യാത്രാ ദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.