പത്തനംതിട്ട: വെള്ളക്കെട്ടും കുഴികളും നിറഞ്ഞ ഒരു ബസ് സ്റ്റാൻഡ്. വെളിച്ചമില്ലാത്ത കാത്തിരിപ്പ് കേന്ദ്രം. അന്തർസംസ്ഥാന സർവീസുകളടക്കം പുറപ്പെടുന്ന പത്തനംതിട്ടയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നാടിനു തന്നെ മാനക്കേട്. ഈ ബസ് സ്റ്റാൻഡ് പത്തനംതിട്ടക്കാരുടേതു മാത്രമല്ല. പ്രതിദിനം ഇത് ഉപയോഗിക്കുന്നവരിൽ ഇതര ജില്ലക്കാരും സംസ്ഥാനക്കാരുമൊക്കെയുണ്ട്. ഒരു നാടിന്റെ അഭിമാനം തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഇതൊരു മാനക്കേടാണ്.
സർവീസ് പുറപ്പെടാനായി ഇറങ്ങുന്ന ബസ് ജീവനക്കാർ തെന്നി വീണ് ട്രിപ്പ് തന്നെ റദ്ദു ചെയ്യേണ്ടിവരുന്ന അനുഭവം കേരളത്തിൽ കഐസ്ആർടിസിക്ക് വേറെവിടെയും ഉണ്ടായിക്കാണില്ല. സ്വന്തം ബസ് സ്റ്റേഷൻ അല്ല ഇതെന്നു പറഞ്ഞ് കഐസ്ആർടിസി തലയൂരും. പത്തനംതിട്ട നഗരസഭയുടെ ബസ് സ്റ്റാൻഡാണ്. കെഎസ്ആർടിസിക്ക് താത്കാലികാടിസ്ഥാനത്തിൽ നൽകിയതാണ്. അവർ ഇറങ്ങിപ്പോകണമെന്നു പറഞ്ഞ് നോട്ടീസും നൽകിയിട്ടുണ്ട്. പക്ഷേ കെഎസ്ആർടിസിയുടെ ബസ് സ്റ്റാൻഡ് നിർമാണത്തിലായതിനാൽ അവർ ഉടൻ ഇറങ്ങിപ്പോകില്ല.
അന്തർ സംസ്ഥാന സർവീസുകളടക്കം ഓപ്പറേറ്റ് ചെയ്യുന്ന ഡിപ്പോയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകിയേ മതിയാകൂ. നൂറുകണക്കിന് യാത്രക്കാർ പ്രതിദിനം എത്തുന്ന ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ജനപ്രതിനിധികളും കണ്ടറിഞ്ഞതാണ്. സ്റ്റാൻഡിലെ യാർഡ് മുഴുവൻ വെള്ളക്കെട്ടാണ്. ഇതു നന്നാക്കേണ്ടത് നഗരസഭയാണെന്ന് എംഎൽഎയും കെഎസ്ആർടിസിയുമൊക്കെ ആവർത്തിക്കുന്നു. എന്നാൽ സ്റ്റാൻഡ് യാർഡ് നന്നാക്കണമെങ്കിൽ ബസ് സ്റ്റേഷൻ ഒഴിഞ്ഞുകൊടുക്കണമെന്ന നിലപാടിലാണ് നഗരസഭ. താത്കാലികാടിസ്ഥാനത്തിൽ മക്കും മെറ്റലും ഇട്ട് കുഴികൾ നികത്തിയിരുന്നു. ഇത് അധികദിവസത്തേക്കുണ്ടായില്ല.
നിലവിൽ സ്റ്റാൻഡിൽ നിന്ന് യാത്രക്കാർക്ക് ബസ് കയറാനാകാത്ത സ്ഥിതിയാണ്. മഴ ശക്തിപ്പെട്ടതോടെ കുഴികൾ മാത്രമല്ല, വെള്ളക്കെട്ടാണ്. ഓടകളിലെ വെള്ളവും സ്റ്റാൻഡിലേക്കെത്തുന്നു. മലിനജലമാണ് സ്റ്റാൻഡ് യാർഡിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ ചവിട്ടാൻ യാത്രക്കാർ നിർബന്ധിതരാകുന്നു. കഴിഞ്ഞദിവസങ്ങളിൽ സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് കണ്ടക്ടർമാരാണ് ആശുപത്രിയിലായത്. വെളിച്ചമില്ലാത്ത സ്റ്റാൻഡിൽ രാത്രിയിൽ ബസിൽ കയറാനാണ് യാത്രക്കാരും ജീവനക്കാരും ഏറെ പണിപ്പെടുന്നത്.
റൂഫിംഗ് ജോലികൾ നടക്കുന്തനിനാൽ കാത്തിരിപ്പ് കേന്ദ്രത്തിലും നിൽക്കാനാകാത്ത സ്ഥിതിയാണ്. സ്റ്റാൻഡിനുള്ളിൽ മിക്കദിവസങ്ങളിലും വെളിച്ചമുണ്ടാകാറില്ല. സന്ധ്യ കഴിഞ്ഞാൽ സ്ത്രീ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മലയോര റൂട്ടിലും അന്തർ സംസ്ഥാന റൂട്ടുകളിലും പുതിയ സർവീസുകൾ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. ശബരിമല നട തുറക്കുന്പോൾ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ നിരവധിയാളുകളാണ് സ്റ്റാൻഡിലെത്തുന്നത്. ഇവരെയെല്ലാം കാത്ത് ദുരിതങ്ങൾ മാത്രമാണുള്ളത്.