പത്തനംതിട്ട: കെഎസ്ആര്‍ടിസി ജില്ലയ്ക്കകത്ത് നാളെ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള സര്‍വീസുകളാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക. ജില്ല അതിര്‍ത്തികള്‍വരെ സര്‍വീസുകള്‍ പരിഗണനയിലാണ്.
സാമൂഹിക അകലം പാലിച്ചും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമായിരിക്കും സര്‍വീസുകള്‍. ഫെയര്‍സ്റ്റേജുകള്‍ ഇന്ന് ലഭ്യമാകും. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴിന് അവസാനിക്കത്തക്കവിധത്തിലാണ് സര്‍വീസുകളുടെ ക്രമീകരണം.
നിലവില്‍ പത്തനംതിട്ടയിലേക്ക് ഏനാത്ത്, അടൂര്‍, പന്തളം, റാന്നി, കലഞ്ഞൂര്‍, തിരുവല്ല, ആങ്ങമൂഴി എന്നിവിടങ്ങളിലേക്ക് രാവിലെയും വൈകുന്നേരവും സര്‍വീസുകള്‍ ഉണ്ട്. ജീവനക്കാരെ ലക്ഷ്യമിട്ട് ഇന്നലെ മുതലാണ് ഈ ബസുകള്‍ ഓടിത്തുടങ്ങിയത്.
കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറങ്ങുമെങ്കിലും സ്വകാര്യബസുകള്‍ ഓടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സംസ്ഥാനവ്യാപകമായി സ്വകാര്യബസുകള്‍ ഉടന്‍ നിരത്തിലിറക്കേണ്ടതില്ലെന്നാണ് ഉടമകളുടെ തീരുമാനം.
സര്‍ക്കാര്‍ നിലപാടുകള്‍ തങ്ങള്‍ക്ക് അനുകൂലമല്ലെന്നാണ് ഉടമകളുടെ നിലപാട്. കോവിഡ് കാലത്ത് ബസുകള്‍ ഓടാതിരുന്നതുമൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ ഉടമകള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.
ബസ് ചാര്‍ജ് വര്‍ധനയും മൂന്ന് മാസത്തെ ടാക്സ് ഒഴിവാക്കലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.