പത്തനംതിട്ട: ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം വെട്ടിക്കുറച്ച് കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. പത്തനംതിട്ട ഡിപ്പോയ്ക്കു മെച്ചപ്പെട്ട വരുമാനം ലഭിച്ചുകൊണ്ടിരുന്ന ഷെഡ്യൂളുകള്‍ ഇതര ഡിപ്പോയ്ക്കു കൈമാറുകയും ചെയ്തു. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം വരുമാനം ലഭിച്ചുവന്ന പത്തനംതിട്ട ഡിപ്പോയ്ക്കും പുതിയ ഷെഡ്യൂള്‍ പരിഷ്കരണങ്ങള്‍ പാരയായിരിക്കുകയാണ്. പത്തനംതിട്ടയുടെ ജില്ലാ ഡിപ്പോ പദവിയും എടുത്തുകളഞ്ഞു.
പ്രതിദിന വരുമാനം 30,000 രൂപയില്‍ കൂടുതല്‍ ലഭിച്ചിരുന്ന പത്തനംതിട്ട ഡിപ്പോയിലെ പുനലൂര്‍ – എറണാകുളം ഫാസ്റ്റ് പുനലൂര്‍ ഡിപ്പോയ്ക്ക് കൈമാറി. രാവിലെ 5.45ന് പുനലൂരില്‍ പോയി അവിടെ നിന്നു പത്തനാപുരം, കോന്നി, പത്തനംതിട്ട, തിരുവല്ല വഴി എറണാകുളത്തിന് സര്‍വീസ് നടത്തിവന്ന ഷെഡ്യൂള്‍ ആയിരുന്നു.
രാവിലെ പുനലൂരിലേക്കും രാത്രി പുനലൂരില്‍ നിന്ന് പത്തനംതിട്ടയ്ക്കുള്ള ട്രിപ്പിനും യാത്രക്കാര്‍ കുറവാണെന്നതാണ് ഷെഡ്യൂള്‍ പുനലൂര്‍ ഡിപ്പോയ്ക്കു കൈമാറാന്‍ കാരണം. ഇതേ കാരണം ചൂണ്ടികാട്ടി ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചിരുന്ന പത്തനംതിട്ട – മുണ്ടക്കയം ചെയിന്‍ സര്‍വീസില്‍ രാവിലെ ആറിനുള്ള ഷെഡ്യൂള്‍ പൊന്‍കുന്നം ഡിപ്പോയ്ക്ക് കൈമാറി.
മല്ലപ്പള്ളി ഡിപ്പോയില്‍ നിന്നുള്ള പാലക്കാട് സൂപ്പര്‍ഫാസ്റ്റ് പത്തനംതിട്ടയ്ക്കും കൈമാറി. രാവിലെ മല്ലപ്പള്ളിയില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള ട്രിപ്പിന് യാത്രക്കാരില്ലെന്ന കാരണത്താലാണ് കൈമാറ്റം. പത്തനംതിട്ട വഴിയുള്ള ദീര്‍ഘദൂര സൂപ്പര്‍ ഫാസ്റ്റ് ബസുകളായ പൂവാര്‍ – എറണാകുളം, കുളത്തുപ്പുഴ – ഗുരുവായൂര്‍ എന്നീ സൂപ്പര്‍ ഫാസ്റ്റുകള്‍ നിറുത്തലാക്കി. ഇതില്‍ പൂവാര്‍ സര്‍വീസ് ടെക്നോപാര്‍ക്, വെഞ്ഞാറംമൂട്, ആയൂര്‍, പത്തനംതിട്ട, കോഴഞ്ചേരി, മല്ലപ്പള്ളി, കോട്ടയം വഴിയാണ് എറണാകുളത്ത് എത്തിയിരുന്നത്. കുളത്തൂപ്പുഴ ഗുരുവായൂര്‍ സൂപ്പര്‍ ഫാസ്റ്റ് പുനലൂര്‍, പത്തനംതിട്ട, വൈറ്റില വഴിയാണ് ഗുരുവായൂര്‍ എത്തിയിരുന്നത്.
മൂവാറ്റുപുഴ, പാലാ പൊന്‍കുന്നം, റാന്നി, പത്തനംതിട്ട വഴി ഉണ്ടായിരുന്ന കാഞ്ഞങ്ങാട് പുനലൂര്‍ സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി. അടൂര്‍ വഴി ഉണ്ടായിരുന്ന പുനലൂര്‍ പെരിന്തല്‍മണ്ണ സൂപ്പര്‍ ഫാസ്റ്റ് പത്തനംതിട്ട വഴിയാക്കിയതാണ് ജില്ലാ ആസ്ഥാനത്തിനുള്ള ഏക നേട്ടം. ജില്ലാതല വര്‍ക്ക്ഷോപ്പും നിര്‍ത്തലാക്കി, അതാതു യൂണിറ്റിലാണ് ബസുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ യൂണിറ്റുകളിലേക്ക് മാറ്റി.