പത്തനാപുരം: മലയോര മേഖലകളിലേക്കുളള സ്റ്റേ ബസുകൾ നിർത്തലാക്കിയും സർവീസുകൾ വെട്ടി കുറച്ചും കെഎസ്ആർടിസി യാത്രക്കാരെ ദുരിതത്തിലാക്കുന്നതായി ആക്ഷേപം.പത്തനാപുരം ഡിപ്പോയിൽ നിന്നും പട്ടാഴി, പുന്നല, കടശ്ശേരി ,മാങ്കോട് , വെള്ളംതെറ്റി,മുള്ളുമല തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസ് സർവ്വീസുകളാണ് മുന്നറിയിപ്പില്ലാതെ അധികൃതർ മുടക്കുന്നത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികളും തോട്ടം മേഖലയിലെ തൊഴിലാളികളുമാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.അമിത ചാർജ് നൽകി സമാന്തര സർവീസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ.ബസ് ഇല്ലാത്തത് മൂലം കാട്ടുമൃഗശല്യമുള്ള വിജനമായ പാതയിലൂടെ കാൽ നടയായി വിദ്യാർത്ഥികളെ സ്കൂളുകളിൽ അയ്ക്കാൻ രക്ഷിതാക്കളും ഭയക്കുന്നു.
പത്തനാപുരത്ത് നിന്നും കൊട്ടാരക്കര,പുനലൂർ അടൂർ ഭാഗങ്ങളിലേക്ക് പുലർച്ചെ ഉണ്ടായിരുന്ന സർവീസുകൾ നിർത്തലാക്കിയത് കാർഷിക വിളകളുമായി ചന്തകളിൽ പോകേണ്ട കർഷകരെയും ഏറെ ബുദ്ധിമുട്ടിലാക്കിയട്ടുണ്ട് .
കൂടാതെ രാത്രി 9 ന് ശേഷം പത്തനാപുരത്ത് നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് സർവീസ് ഇല്ലാത്തത് സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കുന്നു .സർവീസുകൾ നിർത്തലാക്കി സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കുന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.