കുറവിലങ്ങാട്: പതിറ്റാണ്ടുകളോളം ദിനപത്രങ്ങളുമായി യാത്ര നടത്തിയതോടെ കുറവിലങ്ങാടിന്റെ പത്രവണ്ടിയെന്ന് പേരുകിട്ടിയ കഐസ്ആർടിസി ബസും ഒടുവിൽ യാത്ര നിറുത്തി. കണ്ടക്ടർ ക്ഷാമത്തിന്റെ പേരിലാണ് പതിറ്റാണ്ടുകളായി സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസാണ് ദിവസങ്ങളായി നിരത്തിലിറങ്ങാത്തതത്. പാലാ -കുറവിലങ്ങാട് സ്റ്റേ സർവീസാണ് മുടങ്ങിയത്.
പതിറ്റാണ്ടുകളായി കെഎസ്ആർടിസി ജീവനക്കാരടക്കം ആശ്രയിച്ചിരുന്ന കഐസ്ആർടിസി സർവീസാണ് മുടങ്ങിയിരിക്കുന്നത്. രാത്രി 9.30ന് പാലായിൽ നിന്ന് പുറപ്പെട്ട് 10.15ന് കുറവിലങ്ങാട്ടെത്തി സ്റ്റേ ചെയ്ത് പുലർച്ചെ 5.15ന് പാലായിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് പാലാ ഭാഗത്തുനിന്ന് കുറവിലങ്ങാട് വരെയുള്ള ജോലിക്കാരടക്കമുള്ളവരുടെ സ്ഥിരം ആശ്രയമായിരുന്നു.
രാവിലത്തെ യാത്രയിൽ കുറവിലങ്ങാട് നിന്ന് പാലാ റൂട്ടിൽ പത്രക്കെട്ടുകൾ അയച്ചിരുന്നതും ഇതേ ബസിലാണ്. രാവിലെ കഐസ്ആർടിസി പാലാ, ഈരാറ്റുപേട്ട ഡിപ്പോകളിലെ ജീവനക്കാരടക്കം പാലായിലേക്ക് ആശ്രയിച്ചിരുന്നതും ഇതേ ബസാണ്. പാലായിൽ നിന്ന് വൈകുന്നേരം 7.30ന് വൈക്കം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് വിട്ടാൽ പിന്നെ വീട്ടിലെത്താൻ ഓട്ടോറിക്ഷ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. രാത്രി 8.10ന് ഒരു സ്വകാര്യബസ് ഈ പ്രദേശത്തേക്ക് ഉണ്ടെങ്കിലും ഇതിനെ പൂർണ്ണമായി ആശ്രയിക്കാൻ കഴിയില്ലെത്രെ.
കുറവിലങ്ങാട്ടേയ്ക്കുള്ള യാത്രക്കാർ ഇപ്പോൾ ഏറ്റുമാനൂരിലെത്തി എം.സി റോഡിലൂടെ ഇരട്ടിതുക ചെലവഴിച്ച് കുറവിലങ്ങാട്ട് എത്തുകയാണ് ചെയ്യുന്നത്. എന്നാൽ പാലാ മൂതൽ മണ്ണയ്ക്കനാട് വരെയുള്ളവർക്ക് ഈ സാധ്യത പോലും ഇല്ല. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ കുടുംബബജറ്റ് പോലും താളം തെറ്റിയിരിക്കുകയാണ്.
കണ്ടക്ടർമാരുടെ ക്ഷാമമാണ് സർവീസുകൾ മുടങ്ങാൻ കാരണമെന്നും കൂടുതൽ കണ്ടക്ടർമാരെത്തുന്നതോടെ മുടങ്ങിയ സർവീസ് തുടങ്ങുമെന്നുമാണ് കഐസ്ആർടിസി അധികൃതരുടെ നിലപാട്.