തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ പ്രായം വർധിപ്പിക്കുന്നത് പ്രതിസന്ധി മറികടക്കാനാണെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. പെൻഷൻ പ്രായം കൂട്ടുന്നത് സംബന്ധിച്ച് മുന്നണിയിൽ ചർച്ച ചെയ്യും. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാൽ മാത്രമേ പെൻഷൻ പ്രായം കൂട്ടുവെന്നും ശശീന്ദ്രൻ പറഞ്ഞു.
കെഎസ്ആർടിസിയെ രക്ഷിക്കാൻ കടുത്ത നടപടികൾ വേണമെന്നും പെൻഷൻ പ്രായം കൂട്ടുന്നതടക്കമുള്ള കാര്യങ്ങൾ ആലോചിക്കണമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇടതുമുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. പെൻഷൻ പ്രായം 60 ആക്കണമെന്നുള്ള നിർദേശമാണ് പിണറായി വിജയൻ യോഗത്തിൽ വച്ചത്.
ഇത്തരത്തിലുള്ള തീരുമാനങ്ങൾകൊണ്ടു മാത്രമേ കെഎസ്ആർടിസിയിലെ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്താനാകൂ. സർക്കാരിനു മുന്നിൽ മറ്റു മാർഗങ്ങളൊന്നുമില്ലെന്നും പെൻഷൻ നൽകാൻ എല്ലാക്കാലവും സഹകരണ ബാങ്കുകളെ ആശ്രയിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.