പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ : കെഎസ്ആർടിസിയിൽനിന്നു വിരമിച്ച ജീവനക്കാരുടെ പെൻഷൻ നേരിട്ട് വിതരണം ചെയ്യും. പെൻഷൻ വിതരണം നടത്തി കൊണ്ടിരുന്നത് സഹകരണ സംഘങ്ങളുടെ കൺസോർഷ്യം മുഖേനയായിരുന്നു.
കൺസോർഷ്യത്തെ പെൻഷൻ വിതരണത്തിൽ നിന്നും ഒഴിവാക്കി.മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 140 കോടി രൂപ സർക്കാർ ഇന്നലെ അനുവദിച്ചു.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് വിരമിച്ച ജീവനക്കാർ ആഹാരത്തിനും മരുന്നിനും പണമില്ലാതെ വലയുകയാണ്. ഡിപ്പോകൾക്ക് മുന്നിൽ ധർണ സമരവും നടത്തിവരികയാണ്.
പെൻഷൻ കാർ കോടതിയേയും സമീപിച്ചിരുന്നു. കേസ് 22-ലേയ്ക്ക് മാറ്റി വച്ചിരിക്കയാണ് കോടതി. സർക്കാർ 140 കോടി അനുവദിച്ചതോടെ ഇന്നു മുതൽ പെൻഷൻ വിതരണം ചെയ്യാൻ കഴിയുന്ന സ്ഥിതിയായി.
2018 ഫെബ്രുവരി മുതൽ സഹകരണ സംഘങ്ങളുടെ കൺസോർഷ്യമാണ് കെ എസ് ആർ ടി സി യുടെ പെൻഷൻ വിതരണം ചെയ്തു കൊണ്ടിരുന്നത്.
എട്ട് ശതമാനം പലിശയോടെയാണ് കൺസോർഷ്യത്തിന് പണം തിരിച്ചു കൊടുത്തു കൊണ്ടിരുന്നത്. എന്നാൽ 2022 ജൂലായിൽ 9.25 ശതമാനം പലിശ ആവശ്യപ്പെട്ടുകൊണ്ട് സഹകരണ സംഘം രജിസ്ട്രാർ സർക്കാരിന് കത്ത് നല്കി. പലിശ കൂട്ടണമെന്ന ആവശ്യം സർക്കാർ നിരസിക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ കൺസോർഷ്യം പെൻഷൻ വിതരണം നിർത്തിവയ്ക്കുകയും ചെയ്തു. ഇതും പെൻഷൻ മുടങ്ങാൻ ഒരു കാരണമായി. അധിക പലിശ നല്കാൻ കഴിയില്ലെന്ന സർക്കാർ നിലപാട് സ്വീകരിച്ചത് കൊണ്ടാണ് കെ എസ് ആർ ടി സി നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത്.