ടി.പി.സന്തോഷ്കുമാർ
തൊടുപുഴ: കഐസ്ആർടിസി ബസുകളുടെ മൈലേജ് അറിയുന്നതിനായി വാഹനങ്ങളിൽ ഡീസൽ നിറയ്ക്കുന്നത് രാവിലെയും വൈകുന്നേരവും മാത്രം മതിയെന്ന നിർദ്ദേശം ദീർഘദൂര ബസുകളുടെ സമയക്രമം തെറ്റിക്കുന്നു. മുൻ കാലങ്ങളിൽ ഇടവേളകളിലായിരുന്നു ഡിപ്പോകളിലെ പന്പുകളിൽ നിന്നും ഡീസൽ നിറച്ചിരുന്നത്. എന്നാൽ പുതിയ നിർദ്ദേശം വന്നതോടെ രാവിലെ മുതൽ തന്നെ പന്പുകൾക്കു മുന്ിൽ ബസുകൾ ക്യൂവാകുന്നതിനാൽ പല സ്ഥലങ്ങളിൽ നിന്നും ഓടിയെത്തുന്ന ബസുകൾ മണിക്കൂറുകൾ വൈകിയാണ് പല ഡിപ്പോകളിൽ നിന്നും ഇന്ധനം നിറച്ച് പുറപ്പെടുന്നത്.
തൊടുപുഴ മൂലമറ്റത്തു നിന്നും തിരുവന്പാടിക്കു പുറപ്പെടുന്ന കഐസ്ആർടിസി ബസ് ഡീസൽ അടിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇന്നലെ പെരുന്പാവൂർ ഡിപ്പോയിൽ വൈകിയത് ഒരു മണിക്കൂറാണ്. തൊടുപുഴയിൽ നിന്നും പുലർച്ചെ 5.10നാണ് തിരുവന്പാടി ബസ് പെരുന്പാവൂരിലെത്തിയത്.
ഈ ബസ് എത്തിയപ്പോൾ പ്രാദേശിക സർവീസ് നടത്തുന്ന നാലു ലോ ഫ്ളോർ ജൻറം ബസുകൾ ഡീസൽ നിറക്കാനായി കാത്തു കിടക്കുന്നുണ്ടായിരുന്നു. തിരുവന്പാടി ദീർഘദൂര സർവീസായതിനാൽ ഡീസൽ നിറക്കാനായി വാഹനം പന്പിൽ കയറ്റിയിട്ടു. എന്നാൽ പിന്നിലുണ്ടായിരുന്ന ചിറങ്ങനാൽ റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ ഡ്രൈവർ ഇതു തടഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അപേക്ഷിച്ചെങ്കിലും ഡ്രൈവർ നിലപാടു മാറ്റിയില്ല. സംഭവത്തെതുടർന്ന് ഡിപ്പോയിൽ വാക്കു തർക്കവും ഉണ്ടായി. ഇതിനിടെ യാത്രക്കാർ ഡിപ്പോ അധികൃതരോട് പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെങ്കിലും ഇവരും തർക്കം പരിഹരിക്കാൻ തയാറായില്ല. തർക്കം മൂലം ഒരു മണിക്കൂറോളം വൈകിയാണ് വാഹനത്തിൽ ഡീസൽ നിറച്ച് പുറപ്പെടാനായത്.
സംഭവത്തിൽ വൈകിയ വാഹനത്തിലുണ്ടായിരുന്ന യാത്രക്കാർ കഐസ്ആർടിസി അധികൃതർക്കു പരാതി നൽകാനൊരുങ്ങുകയാണ്.കഐസ്ആർടിസി ബസുകളിൽ ഡീസലിന്റെ മൈലേജ് അറിയുന്നതിനാണ് അധികൃതർ പുതിയ നിർദ്ദേശം മുന്നോട്ടു വച്ചത്. ബസ് യാത്ര പുറപ്പെടുന്നതിനു മുൻപോ സർവീസ് അവസാനിപ്പിച്ചതിനു ശേഷമോ ഡീസൽ നിറക്കണമെന്നാണ് നിഷ്ക്കർഷിച്ചിരിക്കുന്നത്.
ഡീസൽ പന്പുകളില്ലാത്ത ഡിപ്പോകളിൽ നിന്നും സർവീസ് നടത്തുന്നദീർഘദൂര ബസുകളിലെ യാത്രക്കാർക്കാണ് നിർദ്ദേശം വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ക്യൂ പാലിച്ച് ഡീസൽ അടിച്ച് സർവീസ് നടത്തേണ്ടി വരുന്നതിനാൽ സമയക്രമം പാലിക്കാൻ കഴിയാത്ത സാഹചര്യമാണ് നില നിൽക്കുന്നതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്. സമയം പാലിക്കാൻ കഴിയാത്തതിനാൽ യാത്രക്കാരുടെ ക്ഷോഭവും ജീവനക്കാരുടെ നേർക്കുണ്ടാകുന്നുണ്ടെന്നും ഇവർ പരാതി പറയുന്നു