കോട്ടയം: കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾ ഡിപ്പോകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്പോൾ ബസിലുള്ള യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുന്നത് തർക്കത്തിന് ഇടയാക്കുന്നു. പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ കനത്ത മഴയത്തും ബസിൽ നിന്ന് ഇറങ്ങി നിൽക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
തിരക്കുള്ള സമയത്ത് ഇന്ധനം നിറയ്ക്കുന്നതിനു മുന്പ് യാത്രക്കാർ ഇറങ്ങാനും നിറച്ചതിനു ശേഷം കയറാനും താമസം നേരിടുന്നത് പലപ്പോഴും ബസിന്റെ സമയക്രമത്തെ ബാധിക്കാറുണ്ടെന്ന് ജീവനക്കാർ പറയുന്നു.ഇന്ധനം നിറയ്ക്കുന്പോൾ ബസിലുള്ള യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുന്നത് പലപ്പോഴും യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള തർക്കത്തിലാണ് അവസാനിക്കുന്നത്.
കെഎസ്ആർടിസിയിൽ ദീർഘദൂര ബസുകൾ ഒഴികെയുള്ള ബസുകൾ ട്രിപ്പ് തുടങ്ങുന്പോൾ തന്നെ ഇന്ധനം നിറയ്ക്കണമെന്നാണ് ചട്ടം. എന്നാൽ ഇത്തരത്തിൽ ട്രിപ്പ് ആരംഭിക്കുന്നതിനു മുന്പ് ഇന്ധനം നിറയ്ക്കാതെ വരുന്പോഴാണു യാത്രക്കിടയിൽ ഇന്ധനം നിറയ്ക്കേണ്ടി വരുന്നതെന്നും ആളുകൾക്കു ബസിൽ നിന്നും ഇറങ്ങി നില്ക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നതെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു.
എന്നാൽ കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിന്നും ലഭിച്ചിരിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ബസിലെ യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ പറയുന്നത്. പലപ്പോഴും ബസിൽ ഡീസൽ നിറയ്ക്കുന്ന സമയത്ത് പലയാത്രക്കാരും മൊബൈൽ ഫോണ് ഉപയോഗിക്കുന്നുണ്ട്. ഇത് ഏറെ അപകടമുണ്ടാക്കുന്നതാണ്. സുരക്ഷിതത്വം മുൻനിർത്തിയാണു യാത്രക്കാരോട് ഇറങ്ങി നില്ക്കാൻ ആവശ്യപ്പെടുന്നതെന്നും പാലാ എടിഒ എ.ടി. ഷിബു രാഷ്ട്രദീപികയോട് പറഞ്ഞു.