പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെ എസ് ആർ ടി സി ജീവനക്കാരുടെ പി എഫ് വിഹിതം ആറ് ശതമാനമാക്കി കുറയ്ക്കാൻ നിർദ്ദേശം. ജനറൽ പ്രോവിഡന്റ്് ഫണ്ട് നിയമപ്രകാരം പിഎഫിന്റെ മിനിമം വിഹിതം അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനമാണ്.
കെഎസ്ആർടിസിയുടെ മെമ്മോറാണ്ടത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ സമ്മതപത്രപ്രകാരം മിനിമത്തിൽ കൂടുതൽ പി എഫ് വിഹിതം ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യാം. കെഎസ്ആർടിസി യിൽ മിനിമം പി എഫ് വിഹിതം 10 ശതമാനമാണ് നിലവിൽ.
10 ശതമാനം പി എഫ് വിഹിതം ഈടാക്കുന്നതിനെതിരെ ജീവനക്കാർ രംഗത്ത് വരികയും വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.
സുൽത്താൻ ബത്തേരി ഡിപ്പോയിലെ കണ്ടക്ടർമാരായ സിയാദ് , വി.എ.ശ്രീലത എന്നിവർ പി എഫ് വിഹിതമായി 6 ശതമാനം മാത്രമേ ശമ്പളത്തിൽ നിന്നും കുറവ് ചെയ്താൽ മതിയെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കോർപ്പറേഷൻ അതനുസരിച്ച് ഉത്തരവിറക്കി.
2015 വരെ മാത്രമാണ് പി എഫ് അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. മാത്രമല്ല പി എഫ് ലോണുകൾ യഥാസമയത്ത് നൽകാതിരിക്കുകയും വർഷാവർഷം ജീവനക്കാരന് പി എഫ് ക്രഡിറ്റ് സ്റ്റേറ്റ്മെൻറ് നൽകാതിരിക്കുകയും ചെയ്യുന്നു എന്ന് ജീവനക്കാരുടെ സംഘടനയായ ഫോറം ഫോർ ജസ്റ്റിസ് ആരോപിച്ചു.
പി എഫ് സബ്സ്ക്രിപ്ഷൻ ബേസിക് പേയുടെ 6 ശതമാനമായി കുറയ്ക്കാൻ താല്പര്യമുള്ള ജീവനക്കാർക്ക് യൂണിറ്റിൽ അപേക്ഷ നൽകാവുന്നതാണ് എന്നും ഫോറം ഫോർ ജസ്റ്റിസ് അറിയിച്ചു.