എം.സുരേഷ്ബാബു
തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ എം പാനൽ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് കെഎസ്ആർടിസി സർവീസുകളെ ഗുരുതരമായി ബാധിച്ചു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ 3800-ൽപരം എം പാനൽ ജീവനക്കാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ അഭാവത്തെ തുടർന്ന് രാവിലെ ഒൻപത് മണിവരെ മൂന്നുറിൽപരം സർവീസുകളാണ് മുടങ്ങിയത്.
ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയിരിക്കുന്നത് മലബാർ മേഖലയിലാണ്. എണ്പതിൽപരം സർവീസുകളാണ് മലബാർ മേഖലയിൽ മുടങ്ങിയിരിക്കുന്നത്. വയനാട് ജില്ലയിൽ 26 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. എറണാകുളത്ത് 30 സർവീസുകൾ മുടങ്ങിയിട്ടുണ്ട്. ആലുവ, പെരുന്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിൽ സർവീസ് മുടക്കം ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.
തിരുവനന്തപുരം സിറ്റിയിൽ 50 ൽപരം സർവീസുകൾ മുടങ്ങിയിട്ടുണ്ട് . മൂന്ന് സോണുകളായാണ് കെഎസ്ആർടിസിയെ ഇപ്പോൾ തിരിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മേഖലകളായാണ് കെഎസ്ആർടിസിയുടെ ഓപ്പറേറ്റിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നത്. എല്ലാ സ്ഥലങ്ങളിൽ നിന്നും മുടങ്ങിയ സർവീസുകളുടെ കണക്കുകൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നത്.
കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയത് ജനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതേ സമയം ദീർഘദൂര സർവീസുകളെ ബാധിക്കാത്ത വിധത്തിൽ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ ഗ്രാമീണ മേഖലകളിൽ കെഎസ്ആർടിസി സർവീസുകൾ മുടങ്ങിയത് ജനങ്ങളെയും വിദ്യാർഥികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ആറ്റിങ്ങൽ, കണിയാപുരം, നെടുമങ്ങാട്, തിരുവനന്തപുരം സിറ്റി ഡിപ്പോ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരിലേറെയും എം പാനൽ ജീവനക്കാരാണ്.
പിഎസ് സി ലിസ്റ്റിൽ നിന്നും ഉദ്യോഗാർഥികളെ നിയമിക്കുന്നത് വരെ നിലവിൽ സർവീസുകളെ ബാധിക്കുമെന്നാണ് കെഎസ്ആർടിസി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പിഎസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കെഎസ്ആർടിസി അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്. 3800-ൽപരം ഉദ്യോഗാർഥികളെ നിയമിച്ചാൽ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു.
എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എത്രപേർ കെഎസ്ആർടിസിൽ കണ്ടക്ടർമാരാകാൻ എത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. പുതുതായി നിയമനം നൽകുന്നവർ കണ്ടക്ടർ പരീക്ഷ പാസ്സാകണം. കൂടാതെ ഇവർക്ക്് പരിശീലനവും നൽകേണ്ടതുണ്ട്. ഇതിനെല്ലാം കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കെഎസ്ആർടിസിയിലെ മെക്കാനിക്കൽ വിഭാഗത്തിലെ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കണ്ടക്ടർ പരിശീലനം നൽകി പ്രതിസന്ധി പരിഹരിക്കാൻ മാനേജ്മെന്റ് ശ്രമിക്കുന്നുണ്ട്.
പിരിച്ചുവിട്ട ജീവനക്കാരെ ദിവസ വേതനം എന്ന നിരക്കിൽ പിഎസ് സി ലിസ്റ്റിലുള്ളവരെ നിയമിക്കുന്നത് വരെ താൽക്കാലികമായി ജോലിക്കെടുക്കാനും ആലോചനകൾ നടക്കുകയാണ്. അതേ സമയം കോടതിവിധിയെ തുടർന്ന് പിരിച്ച് വിടലിന് വിധേയരായ എം പാനൽ കണ്ടക്ടർമാർ സുപ്രീംകോ ടതിയെ സമീപിച്ച് നിയമപോരാട്ടം നടത്താനുള്ള കൂടിയാലോചനയിലാണ്.
ലോംഗ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളും സെക്രട്ടേറിയറ്റ് ധർണയും നടത്താനാണ് എം പാനൽ ജീവനക്കാരുടെ കൂട്ടായ്മയുടെ തീരുമാനം.
കോട്ടയത്ത് 72 സർവീസുകൾ നിർത്തി
കോട്ടയം: എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതോടെ കോട്ടയം ജില്ലയിൽ 72 സർവീസുകൾ ഇന്നു രാവിലെ നിർത്തി. വിവിധ ഡിപ്പോകളിൽ നിന്ന് രാവിലെ യാത്ര പോകേണ്ട 72 സർവീസുകളാണ് കണ്ടക്ടർമാരില്ലാത്തതിനാൽ റദ്ദാക്കിയത്. കോട്ടയം ഡിപ്പോയിൽ 20 സർവീസുകൾ രാവിലെ റദ്ദാക്കി. 52 സർവീസാണ് രാവിലെ പോകേണ്ടത്. അതിൽ 32 സർവീസ് മാത്രമേ പോകാൻ കഴിഞ്ഞുള്ളു. ഉച്ചകഴിഞ്ഞ് 57 സർവീസ് പോകേണ്ടതാണ്. അതിൽ പകുതിയും റദ്ദാക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു.
ഇന്ന് രാവിലെ വിവിധ ഡിപ്പോകളിലെ സർവീസ് റദ്ദാക്കിയ കണക്ക് ഇപ്രകാരം. കോട്ടയം-20, ചങ്ങനാശേരി-6, വൈക്കം -11, പാലാ -14, ഈരാറ്റുപേട്ട-6, പൊൻകുന്നം-8, എരുമേലി-7. പന്പ സർവീസിനെ ഇന്നു രാവിലെ കാര്യമായി ബാധിച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ പന്പ സർവീസും ചിലത് റദ്ദാക്കേണ്ടി വരും.
എംസി റോഡിൽ രൂക്ഷമായ യാത്രാക്ലേശമുണ്ടാകും. അതുപോലെ എറണാകുളം, ചേർത്തല, ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളജ് ഈ റൂട്ടുകളിൽ ഓടുന്ന സർവീസുകളാണ് അധികവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നത്. മിക്ക ഓർഡിനറി സർവീസുകളും റദ്ദാക്കി. മെഡിക്കൽ കോളജിലേക്ക് ഒറ്റ സർവീസ് പോലും ഇല്ല. മൊത്തത്തിൽ ജില്ലയിൽ 40 ശതമാനം സർവീസ് റദ്ദാക്കിയിരിക്കുകയാണ്.
കോട്ടയം ജില്ലയിൽ ആകെ 367 എംപാനൽ കണ്ടക്ടർമാരെയാണ് ഇന്നലെ പിരിച്ചുവിട്ടത്. ഇവരിൽ പത്ത് വർഷം പൂർത്തിയാക്കിയവരുമുണ്ട്. ആരെയാണ് ഒഴിവാക്കേണ്ടതെന്ന കാര്യത്തിൽ വ്യക്തമായ നിർദേശം നല്കാത്തതിനാൽ എല്ലാവരെയും പിരിച്ചുവിട്ടു. പാലാ-81, കോട്ടയം-92, പൊൻകുന്നം -32, എരുമേലി -30, ഈരാറ്റുപേട്ട-47, വൈക്കം-42, ചങ്ങനാശേരി-43 എന്നിങ്ങനെയാണ് കോട്ടയം ജില്ലയിലെ ഡിപ്പോകളിലെ എംപാനൽ കണ്ടക്ടർമാരുടെ കണക്ക്.