എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികൾ ഇന്നു തുടങ്ങും. ഇതിനുള്ള പ്രാരംഭ നടപടികൾക്കു മുന്നോടിയായി ഇന്നു ചീഫ് ഓഫീസിൽ എം.ഡി ടോമിൻ ജെ തച്ചങ്കരി യൂണിയൻ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്.
രാവിലെ 11നാണ് യോഗം. 3,872 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധി നടപ്പാക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ഒറ്റയടിക്ക് വിധി നടപ്പാക്കിയാൽ കെഎസ്ആർടിസി ചെന്നുപെടാൻ പോകുന്നത് ഗുരുതര പ്രതിസന്ധിയിലേക്കാണ്. ഇന്നു രാവിലെ 10.30ന് പിരിച്ചുവിട്ടുകൊണ്ടുള്ള കണ്ടക്ടർമാരുടെ ലിസ്റ്റ് അതാത് ഡിപ്പോകളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുമെന്ന വിവരമാണ് ലഭിക്കുന്നത്.
താത്കാലിക ജിവനക്കാരെ പിരിച്ചു വിട്ടാൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് വടക്കൻ മേഖലയെയാണ്. ഇവിടെ സ്ഥിരം ജീവനക്കാരേക്കാളും കൂടുതൽ താത്കാലിക ജീവനക്കാരാണ്. പിഎസ്സി ലിസ്റ്റിലുള്ളവരുടെ നിയമന നടപടികൾ തുടങ്ങി അവരുടെ പരിശീലനം അടക്കം പൂർത്തിയായി വരാൻ കാലതാമസം ഉണ്ടാകുമെന്ന് ഉറപ്പാണ്.
ശബരിമല സർവീസുകൾ അടക്കമുള്ളവയെ ഈ കാലതാമസം ബാധിക്കുമെന്ന ആശങ്കയിലാണ് കെഎസ്ആർടിസി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.
വിധി ഉടൻ നടപ്പാക്കിയാൽ കെ.എസ്ആർടിസിയ്ക്ക് വലിയ തിരിച്ചടി ഉണ്ടാകും.
8,000 ജീവനക്കാർ വരുന്നതോടെ സാന്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. കടക്കെണിയിൽ നിന്ന് കോർപറേഷനെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ ഇല്ലാതായി. വിധി നടപ്പാക്കാനുള്ള നടപടികൾ ഇന്നലെ മുതൽ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനിടെ പത്തുവർഷത്തിലധികം സർവീസുള്ള എംപാനൽ ജീവനക്കാരുടെ സ്ഥിതിയാണ് കഷ്ടം.
ഇവരിൽ പലർക്കും ഇനി സർക്കാർ ജോലി സ്വപ്നം കാണാൻ പോലും പറ്റാത്ത അവസ്ഥയാണ്. പിഎസ്സി പരീക്ഷ എഴുതാനുള്ള പ്രായപരിധി കഴിഞ്ഞ ഇവരിൽ പലരും അസുഖ ബാധിതരും കുട്ടികളും കുടുംബവും ഉള്ളവരാണ്. ദീർഘദൂര സർവീസിന് പുറപ്പെട്ട പല കണ്ടക്ടർമാരും തിരിച്ചു ഡിപ്പോകളിൽ എത്തുന്പോൾ ജോലിയില്ലാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.
എംപാനൽ ജീവനക്കാരും തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി വിധി പ്രസ്താവിച്ചതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് എപാനൽ കണ്ടക്ടർമാരുടെ തീരുമാനം. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണാൻ ശ്രമിക്കുമെന്ന് കെഎസ്ആർടിസി വിവിധ യൂണിയൻ നേതാക്കാൾ രാഷ്ട്രദീപികയോട് പറഞ്ഞു.
എന്നാൽ പിഎസ്സി പരീക്ഷ എഴുതി ജോലി പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളെ സംബന്ധിച്ച് കോടതി തീരുമാനം ആശ്വാസകരമാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിനും നിയമപോരാട്ടതിനും ശേഷമാണ് പിഎസ്സി ലിസ്റ്റിലുള്ളരെ ഉടൻ നിയമിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടായത്. ഹൈക്കോടതി വിധി നടപ്പാക്കുന്നതോടെ സർക്കാർ ജോലിയെന്ന പലരുടേയും വലിയ സ്വപ്നമാണ് പൂവണിയൻ പോകുന്നത്.