തൃശൂർ: ജില്ലയിലെ കഐസ്ആർടിസി വിവിധ ഡിപ്പോകളിലെ എംപാനൽ ജീവനക്കാരോട് ജോലിക്ക് ഉച്ചകഴിഞ്ഞ് കയറണ്ട എന്നു കാണിച്ച് ഫോണിലൂടെ നിർദ്ദേശം. ജില്ലയിലെ വിവിധ ഡിപ്പോകളിലുള്ള 277 എംപാനൽ ജീവനക്കാർക്കാണ് ജോലിയിൽ നിന്ന് നീക്കിയതായി ഫോണിലൂടെ അറിയിച്ചിരിക്കുന്നത്.
രാവിലെ ഡ്യൂട്ടിക്ക് കയറിയ എംപാനൽ ജീവനക്കാർ തിരിച്ച് സർവീസ് അവസാനിക്കുന്നതോടെ ജോലിയിൽ നിന്ന് പിരിയണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജീവനക്കാരെ പിരിച്ചു വിടുന്നതോടെ തൃശൂർ ഡിപ്പോയിലടക്കം ജില്ലയിലെ വിവിധ ഡിപ്പോകളിൽ ബസ് സർവീസുകൾ മുടങ്ങും. കണ്ടക്ടർമാരും ഡ്രൈവർമാരും പകരം കയറാനില്ലാത്തതാണ് സർവീസുകൾ മുടങ്ങാൻ കാരണം.
. തൃശൂർ ഡിപ്പോയിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ഓഫീസിലും വർക്്ഷോപ്പിലുമൊക്കെയായി എംപാനൽ ജീവനക്കാരായി 75ഓളം പേരാണ് ജോലിയിലുള്ളത്. ഇതിൽ 58 പേരിൽ താഴെ സ്ഥിരമായി ജോലിക്ക് ഹാജരാകുന്നുണ്ട്. ഇവരോടെല്ലാം ഉച്ചകഴിഞ്ഞ് ജോലിക്ക് കയറരുതെന്ന് കാണിച്ചാണ് സന്ദേശം അയച്ചിരിക്കുന്നത്.
രാവിലെ സർവീസ് ആരംഭിച്ച ബസുകളിൽ കണ്ടക്ടർമാരും ഡ്രൈവർമാരും ആയി പോയവരോട് തിരിച്ച് സർവീസ് അവസാനിപ്പിക്കുന്പോൾ ജോലിയും അവസാനിപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നതോടെ ജില്ലയിലെ ബസ് സർവീസുകൾ പലതും താൽക്കാലികമായി അവസാനിപ്പിക്കേണ്ടി വരും.
പിഎഎസ്്സി നിയമനം വഴി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും വച്ചാൽ തന്നെ അവർക്ക് പരിശീലനം കഴിഞ്ഞ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും പിടിക്കും സർവീസുകൾ പുനരാരംഭിക്കാൻ. രണ്ടു ദിവസം കൊണ്ട് പരിശീലനം നൽകി സർവീസുകൾ ആരംഭിക്കാമെന്നാണ് മുകളിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് എംപാനൽ കാരെ പിരിച്ചുവിടാൻ തൃശൂർ ജില്ലയിലും നടപടികൾ തുടങ്ങിയിരിക്കുന്നത്. ഏറ്റവും കൂടുതൽ ബാധിക്കുക ഗ്രാമങ്ങളിലേക്കും മറ്റും സർവീസ് നടത്തുന്ന ഡിപ്പോകളിലാണ്.