പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ മിന്നൽ പണിമുടക്ക് നടത്തിയ സിറ്റി സർവീസിലെ ജീവനക്കാർ ഒമ്പതര ലക്ഷം രൂപ കെഎസ്ആർടിസിക്ക് നഷ്ടപരിഹാരം നൽകണം.
കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരിൽ നിന്നും ഈ തുക ഈടാക്കാനുള്ള നടപടികൾ പൂർത്തിയായി. നഷ്ടപരിഹാരം നൽകേണ്ട ജീവനക്കാരെക്കുറിച്ചും ഓരോരുത്തരും അടയ്ക്കേണ്ട തുകയെക്കുറിച്ചും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാ ജുലോറൻസ് ചൊവാഴ്ച സിഎംഡി യ്ക്ക് റിപ്പോർട്ട് നൽകി.
സർവീസ് മുടക്കാനിടയാക്കുന്ന ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന സിഎംഡി ബിജു പ്രഭാകരൻ കഴിഞ്ഞ 30 ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കെഎസ്ആർടിസി യുടെ ചരിത്രത്തിൽ ആദ്യ സംഭവമാവുകയാണ് സിറ്റി സർവീസ് മുടക്കിയ ജീവനക്കാരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നത്.
തിരുവനന്തപുരം സിറ്റിയിൽ സിറ്റി സർവീസ് നടത്തുന്ന സിറ്റി, വികാസ് ഭവൻ, പേരൂർക്കട, പാപ്പനംകോട് ഡിപ്പോകളിൽ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണം ആരോപിച്ച് ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കഴിഞ്ഞ 26ന് മിന്നൽ പണിമുടക്ക് നടത്തുകയും സിറ്റി സർവീസുകൾ മുടങ്ങുകയും ചെയ്തിരുന്നു.
സിറ്റി ഡിപ്പോയിൽ നിന്നുള്ള 17 സർവീസുകളിൽ 12ഉം വികാസ് ഭവനിൽ നിന്നുള്ള 13സർവീസുകളും പേരൂർക്കടയിൽ നിന്നുള്ള 25 സർവീസുകളും പാപ്പനംകോട്ടുനിന്നുള്ള 20 സർവീസുകളുമാണ് മുടങ്ങിയത്.
സർവീസുകൾ മുടങ്ങിയത് മൂലം സിറ്റി ഡിപ്പോയിൽ 2.75ലക്ഷം രൂപയുടെയും വികാസ് ഭവനിൽ 2.10 ലക്ഷം രൂപയുടെയും പേരൂർക്കടയിൽ 3.30 ലക്ഷം രൂപയുടെയും പാപ്പനംകോട്ട് 125 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് വിജിലൻസിന്റെ റിപ്പോർട്ട്.
പൊതുജനങ്ങൾക്ക് യാത്രാ ക്ലേശമുണ്ടാക്കുകയും കോർപ്പറേഷന് 9.5 ലക്ഷം രൂപ നഷ്ടമുണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ മിന്നൽപണിമുടക്ക് നടത്തിയ, സിറ്റിയിലെ 17 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർമാരിൽ നിന്നും, വികാസ് ഭവനിലെ 13 കണ്ടക്ടർമാരിൽ നിന്നും 11 ഡ്രൈവർ മാരിൽ നിന്നും പേരൂർക്കടയിലെ 25 വീതം ഡ്രൈവർ – കണ്ടക്ടർമാരിൽ നിന്നും പാപ്പനംകോട്ടെ എട്ട് കണ്ടക്ടർമാരിൽ നിന്നും നഷ്ടപരിഹാരമാണ് ഈടാക്കുന്നത്. ഇവരിൽ നിന്നും ഈടാക്കേണ്ട തുകയും വിജിലൻസ് വിഭാഗം കണക്കാക്കി നൽകിയിട്ടുണ്ട്.