അടൂർ: കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തത് ചോദ്യംചെയ്ത കണ്ടക്ടർക്കു നേരേ അസഭ്യവർഷം. സംഭവത്തിൽ കൊട്ടാരക്കര മൈലം എസ്ജി കോട്ടേജിൽ ഷിബുവിനെതിരേ കണ്ടക്ടറെ അസഭ്യം വിളിച്ചതിനും കണ്ടക്ടറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അടൂർ പോലീസ് കേസെടുത്തു.
അടൂർ ഡിപ്പോയിലെ കായംകുളം-അടൂർ റൂട്ടിൽ ഓടിയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടർ മനീഷിനെയാണ് അസഭ്യം വിളിച്ചതും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതും. കണ്ടക്ടറെ അസഭ്യം വിളിക്കുന്നത് യാത്രക്കാർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യം പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചു.
ശനിയാഴ്ച രാത്രി 8.40ന് പഴകുളം ഭാഗത്തായിരുന്നു സംഭവം. കായംകുളത്തുനിന്നു പുറപ്പെട്ടതായിരുന്നു ബസ്. ചാരുംമൂട് കഴിഞ്ഞപ്പോൾ ടിക്കറ്റ് മെഷീനിലെ ടിക്കറ്റിന്റെ കണക്കും ബസിലെ യാത്രക്കാരുടെ കണക്കും തമ്മിൽ വ്യത്യാസമുണ്ടായി. തുടർന്ന് കണ്ടക്ടർ ഓരോ യാത്രക്കാരുടെയും അടുത്തെത്തി ടിക്കറ്റ് എടുത്തിരുന്നോ എന്ന് അന്വേഷിച്ചു.
ഇതിനിടയിൽ ടിക്കറ്റ് എടുക്കാതിരുന്ന യാത്രികനായ ഷിബു കണ്ടക്ടർക്കു നേരേ തിരിയുകയായിരുന്നു. കണ്ടക്ടറോട് മോശമായി പെരുമാറുന്നതു കണ്ട മറ്റൊരു യാത്രക്കാരൻ പ്രശ്നത്തിൽ ഇടപ്പെട്ടെങ്കിലും അയാളെയും ഷിബു മർദിക്കാൻ ശ്രമിച്ചതായും മനീഷ് വ്യക്തമാക്കി.