പൊൻകുന്നം: ഇന്നലെ തനിക്ക് സർവീസിനു പോകാൻ അലോട്ട് ചെയ്തു കിട്ടിയ ബസ് കണ്ട ഡ്രൈവർ അന്തംവിട്ടുനിന്നു, ബസിന് എൻജിനില്ല. കൂടുതൽ പരിശോധിച്ചപ്പോൾ അഴിച്ചുതാഴെ വച്ചിരിക്കുന്ന നിലയിൽ ബസിന്റെ എൻജിൻ. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.
ആർഎസി 934 എന്ന നമ്പരുള്ള ബസ് കോട്ടയത്തിനു പോകുന്നതിനു ഡിപ്പോ അസിസ്റ്റന്റ് എൻജിനിയർ ബസിന്റെ നമ്പർ വച്ച് ഡ്രൈവർക്കു പാസിംഗ് കാർഡ് നൽകിയിരുന്നു. ഡ്രൈവർ വണ്ടിയെടുക്കാൻ ചെന്നപ്പോഴാണ് എൻജിനില്ലാത്ത നിലയിൽ കിടക്കുന്നതു കണ്ടത്. അബദ്ധം മനസിലായ ഉദ്യോഗസ്ഥർ ഡ്രൈവറിൽനിന്നു പാസിംഗ് കാർഡ് തിരിച്ചുവാങ്ങി തടിതപ്പി.
ബസ് അയയ്ക്കുന്നതിനു മുന്പ് ഡിപ്പോ എൻജിനിയറും വൈഹിക്കിൾ ഇൻസ്പെക്ടർമാരും വാഹനങ്ങൾ വേണ്ടവിധം പരിശോധന നടത്തുന്നില്ലെന്ന് ഇതോടെ ഉറപ്പായി. ഏതാനും ദിവസം മുന്പ് ആർഎൻസി 816 എന്ന നമ്പരുള്ള ബസ് സർവീസിനയച്ചത് വീലിന്റെ നട്ട് ഒന്നും തന്നെ മുറുക്കാതെയായിരുന്നു. സംഭവം സംബന്ധിച്ചു കെഎസ്ആർടിയുടെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.