പൊൻകുന്നം: കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരുടെ സ്നേഹം പിടിച്ചു പറ്റി കാവലായി ജാക്കി. അഞ്ചുമാസം മുന്‍പ് ഇവിടെയെത്തിയ ജാക്കിയെന്ന നായ ലോക്ക്ഡൗണിൽ ഓടാതെ കിടക്കുന്ന ബസുകൾക്കും ഡിപ്പോയ്ക്കും സംരക്ഷകനായുണ്ട്.
രാത്രി രണ്ടു ജീവനക്കാർ മാത്രം സുരക്ഷാച്ചുമതലയിലുള്ളപ്പോൾ ശരിക്കും ജാക്കിയാണ് കാവലിന് തുണ. അപരിചിതർ ഡിപ്പോവളപ്പിലേക്ക് കയറിയാൽ അപ്പോൾ തന്നെ ജാക്കി പ്രതികരിക്കും. ജീവനക്കാരോടെല്ലാം ജാക്കി ഇണങ്ങിയിട്ടുണ്ട്.
ജീവനക്കാർ തങ്ങളുടെ ആഹാരത്തിലൊരു പങ്ക് ജാക്കിക്ക് നൽകുന്നുണ്ട്. അവരുടെ സ്നേഹത്തിന് നന്ദിയോടെ ഡിപ്പോയുടെ സംരക്ഷകനായി മാറിയതാണ് ജാക്കി.
ലോക്ക്ഡൗണ്‍ സമയത്തും ജീവനക്കാർ സമീപത്തെ ഇറച്ചിക്കടകളിൽ നിന്ന് ജാക്കിക്ക് ആവശ്യമായ ഭക്ഷണം എത്തിച്ച് നൽകി. മറ്റെങ്ങോട്ടും പോവില്ല, രാവും പകലും ഡിപ്പോയ്ക്കുള്ളിൽ ചുറ്റിത്തിരിഞ്ഞ് കാവൽഡ്യൂട്ടി കൃത്യമായി നിർവഹിക്കുകയാണ് ജാക്കി.