തിരുവനന്തപുരം: തിരുവനന്തപുരം: 2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. തിങ്കളാഴ്ച രാവിലെ മാത്രം നൂറിൽ അധികം സർവീസുകൾ മുടങ്ങി. 500-ൽ അധികം സർവീസുകൾ മുടങ്ങിയേക്കാമെന്നാണു കെഎസ്ആർടിസി നൽകുന്ന വിവരം.
അവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തി ദിനമായതിനാൽ ദീർഘദൂര യാത്രക്കാർ അടക്കം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തിങ്കളാഴ്ചകളിൽ തിരക്കേറുമെന്നതിനാൽ സാധാരണ കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യാറുണ്ട്.
അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം ആരംഭിച്ച ശേഷം വരുന്ന ആദ്യത്തെ തിങ്കളാഴ്ചയായതിനാൽ തന്നെ ദീർഘദൂര സർവീസുകളിലെല്ലാം വൻതിരക്കാവും അനുഭവപ്പെടുക. ആവശ്യത്തിനു ഡ്രൈവർമാരില്ലാതെ വരുന്നതോടെ ഈ ഷെഡ്യൂളുകളും റദ്ദാക്കേണ്ടിവരും.
സ്വകാര്യ സർവീസുകൾ കുറവായ തെക്കൻ കേരളത്തെയാകും പ്രതിസന്ധി കൂടുതൽ ബാധിക്കുക. ചൊവ്വാഴ്ചയോടെ താത്കാലിക ജീവനക്കാരെ സർവീസുകളിൽ നിയോഗിച്ച് പ്രശ്നം പരിഹരിക്കാനാവുമെന്നാണ് കോർപറേഷന്റെ കണക്കുകൂട്ടൽ. അവധിയിലുള്ള ഡ്രൈവർമാരോട് അടിയന്തര സാഹചര്യം കണക്കിലെടുത്തു ജോലിയിൽ പ്രവേശിക്കാൻ നിർദേശിച്ചിട്ടുണ്ട്.
സുപ്രീം കോടതി അനുവദിച്ച സമയം കഴിഞ്ഞതോടെയാണ് എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി ശനിയാഴ്ച കൂട്ടത്തോടെ പിരിച്ചുവിട്ടത്. സംസ്ഥാനത്തുടനീളം സർവീസുകളെ ഇതു ബാധിച്ചു. ഞായറാഴ്ച 606 സർവീസുകളാണു റദ്ദാക്കിയത്.