തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി തുടരുന്നു. ഡ്രൈവർമാരുടെ കുറവിനെത്തുടർന്നു സംസ്ഥാനത്തു വെള്ളിയാഴ്ചയും നിരവധി സർവീസുകൾ മുടങ്ങി. ഇതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായിവരുന്നതേ ഉള്ളൂ. പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗതമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി എംഡിയും ഗതാഗത സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും.
1140 ഷെഡ്യൂളുകളാണു വ്യാഴാഴ്ച റദ്ദാക്കിയത്. നിരവധി ഓർഡിനറി സർവീസുകൾ റദ്ദാക്കിയതോടെ ഗ്രാമങ്ങളിൽ ഉൾപ്പെടെ യാത്രാക്ലേശം രൂക്ഷമായി. എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ എന്നിവ ഓപ്പറേറ്റ് ചെയ്തതിനുശേഷമാണ് ഓർഡിനറി സർവീസുകൾ നടത്തിയത്. ഇതുമൂലം മലയോരമേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ വലഞ്ഞു.
1176 ഷെഡ്യൂളുകളാണ് ബുധനാഴ്ച റദ്ദാക്കിയത്. ഇതോടെ കളക്ഷനിലും വലിയ കുറവുണ്ടായി. കഴിഞ്ഞ ബുധനാഴ്ച 6.71 കോടി രൂപ കളക്ഷൻ ലഭിച്ച സ്ഥാനത്ത് ഈ ബുധനാഴ്ച ലഭിച്ചത് 5.24 കോടി രൂപ മാത്രമാണ്.
ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് കഴിഞ്ഞ ദിവസം 2530 താത്കാലിക ഡ്രൈവർമാരെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടത്. ഇതോടെ ഡ്രൈവർമാരുടെ ക്ഷാമം രൂക്ഷമായി. തുടർച്ചയായി 179 ദിവസത്തിലധികം ജോലിയിൽ തുടരുന്ന എംപാനൽ ഡ്രൈവർമാരെ ജൂണ്‍ 30നു പിരിച്ചുവിട്ടിരുന്നു. ഇവരിൽ ചിലരെ ചില യൂണിറ്റുകളിൽ ദിവസവേതനത്തിൽ ജോലിക്കു നിയോഗിക്കുകയായിരുന്നു.
ഇതിനെതിരേ ഉദ്യോഗാർഥികൾ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തതിനെതുടർന്നാണ് വീണ്ടും താത്കാലികക്കാരെ നിയോഗിക്കരുതെന്നു കോടതി കർശന നിർദേശം നൽകിയത്.