കെ. ഭരത്
കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ പ്രമോഷന്സീറ്റുകളില് ഭൂരിഭാഗവും കയ്യടക്കി യൂണിയന് നേതാക്കള്‍. 2200 പ്രമോഷന് തസ്തികകളാണ് കെഎസ്ആര്‍ടിസിയിലുള്ളത്. ഇതില്‍ 1200ലും അംഗീകൃത യൂണിയനുകളുടെ നേതാക്കളാണ് ജോലിചെയ്യുന്നത്. മറ്റൊരു സര്‍ക്കാര്‍ സ്ഥാപനത്തിലില്ലാത്തത്ര തസ്തികകളാണ് ഇവിടെ സംഘടന പ്രവര്‍ത്തനത്തിനായി യൂണിയന് ഭാരവാഹികള്‍ ഉണ്ടാക്കുന്നത്. യൂണിയനുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അധികൃതരും ഇതിനു കൂട്ടുനില്‍ക്കുന്നു.
4500 ബസുകള്‍ പരിശോധിക്കാനായി കെഎസ്ആര്‍ടിസിയില്‍ 910 ചെക്കിംഗ് ഇന്‍സ്പെക്ടര്‍മാരാണ് ജോലിചെയ്യുന്നത്. എന്നാല്‍ ഇവരില്‍ 200 പേര്‍മാത്രമേ നിലവില്‍ ഈ ജോലിചെയ്യുന്നുള്ളൂ. ബാക്കിവരുന്ന 710 പേര് ജനറല്‍ കണ്ട്രോളിംഗ്, ട്രാഫിക് കണ്ട്രോളിംഗ്, കണ്ട്രോളിംഗ് ഇന്‍സ്പെക്ടേഴ്സ് തുടങ്ങി നിലവിലില്ലാത്ത തസ്തികയുടെ പേരില്‍ ശമ്പളം പറ്റുകയാണ്.സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയില്‍ 46 ജില്ലാട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍മാരാണ് സേവനം അനുഷ്ടിക്കുന്നത്.
ഓരോ ജില്ലയ്ക്കും ഒരാള്‍ എന്നനിലയില്‍ 14 പേര്മാത്രം വേണ്ടിടത്താണ് ഇത്രയും ജീവനക്കാര്‍ അധികമായി ശമ്പളം പറ്റുന്നത്. പിഎസ്സി നിയമനത്തിലൂടെ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ യൂണിയനും കെഎസ്ആര്‍ടിസി കോര്‍പറേഷനുമായുള്ള അതിരുവിട്ടബന്ധങ്ങളിലൂടെ പ്രമോഷനെന്ന പേരില്‍ ഇല്ലാത്ത തസ്തികള്‍ ഉണ്ടാക്കുകയാണ്.
പ്രമോഷന് നിയമത്തിന്റെ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കഐസ്ആര്‍ടിസി കോര്പറേഷന് നിയമനങ്ങള്‍ നടത്തുന്നത്. പ്രമോഷന് ലഭിക്കുന്ന ഉദ്യോഗസ്ഥന് കുറഞ്ഞത് മൂന്ന് മാസമെങ്കിലും പ്രമോഷന് ലഭിച്ചശേഷമുള്ള തസ്തികയില്‍ ജോലിചെയ്യണമെന്നുണ്ട്. അല്ലാത്ത പക്ഷം അയാള്‍ പ്രമോഷന് അര്‍ഹനല്ല.
എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ നിന്ന് വിരമിക്കാന്‍ ഒരു മാസം ഉള്ളവര്‍ക്ക് പോലും പ്രമോഷന് നല്കി ആ ജീവനക്കാരന് കൂടുതല്‍ ആനുകൂല്യം നേടികൊടുക്കുന്ന നിലപാടുകളാണ് കോര്പറേഷന് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ സ്റ്റേഷന് മാസ്റ്റര്‍ ഓഫീസുകള്‍ സ്ഥാപിക്കുന്നതും ഈ രീതിയില്‍ യൂണിയന് നേതാക്കള്‍ക്ക് ഡ്യൂട്ടി നല്ക്കാന് വേണ്ടിയാണ്.
കെഎസ്ആര്‍ടിസിയില്‍ നടക്കുന്ന അഴിമതിക്കെതിരെയും പ്രമോഷനിലെ പ്രശ്നങ്ങളെ കുറിച്ചുമൊക്കെ അന്വേഷിക്കാന്‍ കെഎസ്ആര്‍ടിസിയുടെ കീഴില്‍ വിജിലന്‍സ് വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവിടെയും യൂണിയന് നേതാക്കളുടെ ഇടപെടലുകളാണുള്ളത്. പ്രമോഷനുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ വിജിലന്‍സ് വിഭാഗത്തിലെത്തുന്നതോടെ ഇല്ലാതാകുന്ന അവസ്ഥയാണുള്ളത്.