പുനലൂർ ; യാത്രാക്ലേശം പരിഹരിക്കാൻ ഫാസ്റ്റ് പാസഞ്ചർ ചെയിൻ സർവീസുകൾ ഏർപ്പെടുത്തുമ്പോഴും പുനലൂർ നേരിടുന്നത് കെ എസ് ആർ ടി സി യുടെ കടുത്ത അവഗണന. പത്തനംതിട്ട സെക്ടറിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും രാത്രിയിൽ ബസ് സർവീസില്ല.തിരുവനന്തപുരത്ത് നിന്ന് എം സി റോഡുവഴി കൊട്ടാരക്കര അടൂർ റൂട്ടിലൂടെ 15 മിനുട്ട് ഇടവിട്ട് തൃശൂരിലേക്കും തിരിച്ചും ബസുണ്ട്.
എന്നാൽ ആയുരിൽ നിന്ന് അഞ്ചൽ പുനലൂർ വഴി പത്തനംതിട്ട, തെങ്കാശി അടൂർ ഭാഗങ്ങളിലേക്കൊന്നും ബസില്ല .രാത്രി 9 ന് തിരുവനന്തപുരത്തു നിന്ന് മല്ലപ്പള്ളി ബസിനു ശേഷം നാലര മണിക്കൂർ കഴിഞ്ഞ് 1.30 ന് ഉള്ള മല്ലപ്പള്ളി ബസേ അഞ്ചൽ പുനലൂർ ഭാഗത്തേക്ക് യാത്രക്കാർക്കുള്ളൂ. ഇതാണ് കിഴക്കൻ മേഖലയിലെ യാത്രികരെ വലയ്ക്കുന്നത്.
തിരുവനന്തപുരത്ത് നിന്ന് രാത്രി 10, 11, 12 എന്നീ സമയങ്ങളിൽ ഒരു മണിക്കൂർ ഇടവേളയിൽ തൃശൂർ ഭാഗത്തേക്കുള്ള ഏതെങ്കിലും മൂന്ന് ബസ് സർവീസുകൾ ആയൂർ അഞ്ചൽ പുനലൂർ അടൂർ വഴിയാക്കിയാൽ പ്രശ്ന പരിഹാരമാകും.
പത്തനംതിട്ട, കുമളി ഭാഗത്തേക്കു് ആയുർ പുനലൂർ വഴി പുതിയ സർവീസ് തുടങ്ങിയാലും മതിയെന്നാണ് യാത്രക്കാരുടെ ആവശ്യം.
രാത്രിയിൽ പത്തനാപുരം പുനലൂർ അഞ്ചൽ ഭാഗത്തുനിന്ന് ആയുരിലേക്ക് എത്താനും ബസില്ല. രാത്രി 7.50നും 8.55 നും 11 നും പത്തനംതിട്ട ഭാഗത്ത് നിന്ന് പുനലൂർ വഴി തിരുവനന്തപുരത്തിന് ബസുണ്ട്.പിന്നീട് ആയൂരിലേക്കെത്താൻ മാർഗമില്ല. ഇതു വഴി കെ എസ് ആർ ടി സി രാത്രികാല ദീർഘദൂര ബസ് സർവീസ് നടത്താൻ തയാറാകുന്നില്ല. കിഴക്കൻ മേഖലയിൽ വർഷങ്ങളായുള്ള യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യം ശക്തമാണ്.