തിരുവനന്തപുരം: എട്ടരക്കോടിയുടെ കളക്ഷനുമായി കെഎസ്ആർടിസി തിങ്കളാഴ്ച റിക്കാർഡ് വരുമാനം നേടി. തിങ്കളാഴ്ച 85477240 രൂപയാണ് വരുമാനം ലഭിച്ചത്. 1700000 കിലോമീറ്റർ ദൂരം 5072 ബസുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തിയത്. ഇതിലേക്കായി 16450 കണ്ടക്ടർമാരേയും ഡ്രൈവർമാരെയും നിയോഗിച്ചു.
കേരളത്തിലെ മുഴുവൻ പ്രൈവറ്റ് ബസുകളും സമരത്തിലായിരുന്ന കഴിഞ്ഞ വർഷം ഫെബ്രുവരി 19-ന് 85068777 രൂപ വരുമാനം നേടിയതാണ് നിലവിലുണ്ടായിരുന്ന റിക്കാർഡ്. 5558 ബസും 19000 കണ്ടക്ടറേയും ഡ്രൈവറേയും നിയോഗിച്ച് 1850000 കിലോമീറ്ററാണ് അന്ന് സർവീസ് നടത്തിയത്. കഴിഞ്ഞ ദിവസം 1.5 ലക്ഷം കിലോമീറ്ററും 500 ബസും 2500 ജീവനക്കാരെയും കുറച്ച് ഉപയോഗിച്ചാണ് കളക്ഷനിൽ പുതിയ റിക്കാർഡിട്ടത്.
ഹൈക്കോടതി ഉത്തരവു പ്രകാരം 4071 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ 800 ഓളം സർവീസുകൾ പ്രതിസന്ധിയിലായിരുന്നു. പിരിച്ചുവിട്ട എംപാനലുകാർക്കു പകരം 1400 ഓളം പേരെ നിയമിച്ചെങ്കിലും പൂർണമായി ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടില്ല. സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്നവരും കെഎസ്ആർടിസിയെ ആശ്രയിക്കുന്നതാണ് കളക്ഷൻ കൂടാൻ കാരണമെന്നാണ് വിലയിരുത്തൽ.