ജെറി എം. തോമസ്
കൊച്ചി: കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളുടെ നടത്തിപ്പ് കുടുംബശ്രീക്ക് കൈമാറുന്നു. കേരളത്തിനകത്തും പുറത്തുമായി 23 ഡിപ്പോകളിൽ ഒക്ടോബർ ആദ്യ വാരത്തോടെ പദ്ധതിക്കു തുടക്കമാകും. സംസ്ഥാനത്ത് 18 ഡിപ്പോകളിലും ബംഗളൂരു, മൈസൂരു, കോയന്പത്തൂർ എന്നിവിടങ്ങളിലും കുടുംബശ്രീ ടിക്കറ്റ്, കൂപ്പണ് കൗണ്ടറുകൾ ആരംഭിക്കും.
ടിക്കറ്റിന്റെ 3.9 ശതമാനവും കൂപ്പണിന്റെ നാലു ശതമാനവുമാണ് കുടുംബശ്രീയുടെ കമ്മീഷൻ. നിലവിൽ ജോലിക്കാവശ്യമായ ഐടി പരിജ്ഞാനമുള്ള കുടുംബശ്രീ പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പുരോഗമിക്കുകയാണെന്ന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ പറഞ്ഞു.
നാല് ജില്ലകൾ ഒഴികെ ആളെ നിശ്ചയിക്കൽ ജില്ലാ മിഷന്റെ നേതൃത്വത്തിൽ പൂർത്തിയായി. തെരഞ്ഞെടുക്കപ്പെടുന്നവർക്കു ട്രാൻസ്പോർട്ട് കോർപറേഷന്റെ നേതൃത്വത്തിൽ അടുത്തയാഴ്ച ആദ്യം തിരുവനന്തപുരത്തു പരിശീലന പരിപാടി സംഘടിപ്പിക്കും. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കു വയനാട് ജില്ലയിൽനിന്നും കോയന്പത്തൂർ ഡിപ്പോയിലേക്കു പാലക്കാട് ജില്ലയിൽനിന്നുമാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
ആദ്യഘട്ടം രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ രണ്ട് ഷിഫ്റ്റുകളിലായായിരിക്കും കൗണ്ടറുകളുടെ പ്രവർത്തനം. തിരക്ക് കൂടുതൽ ഉള്ള ഡിപ്പോകളിൽ ഈ സംവിധാനത്തിൽ മാറ്റം വരുത്തും. പദ്ധതിക്കായി 70 മുതൽ 80 വരെ തൊഴിലാളികളുടെ സേവനമാണ് കുടുംബശ്രീ പ്രതീക്ഷിക്കുന്നത്.
മൂന്ന് മുതൽ അഞ്ച് അംഗങ്ങൾ വരെയാകും ഓരോ കൗണ്ടറിലും ഉണ്ടാവുക. കൗണ്ടറുകൾക്കുള്ള സ്ഥലവും വൈദ്യുതിയും മാത്രമേ കെഎസ്ആർടിസി നൽകൂ. കംപ്യൂട്ടർ, പ്രിന്റർ തുടങ്ങിയവ ഒരുക്കേണ്ടതു കുടുംബശ്രീയാണ്. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും തൊഴിലാളിനിയമനം.
ഇതു കൂടാതെ കുടുംബശ്രീ സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഓരോ ജില്ലകളിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി വക കെട്ടിടങ്ങളിലും ഇവയുടെ കീഴിലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുമായിരിക്കും പ്രവർത്തനം. ആദ്യ സൂപ്പർമാർക്കറ്റ് സംരംഭം നവംബർ ആദ്യ വാരത്തോടെ മലപ്പുറം എടപ്പാളിൽ പ്രവർത്തനം തുടങ്ങും.
നിലവിൽ കുടുംബശ്രീയുടെ മേൽനോട്ടത്തിൽ ഹോട്ടൽ, കരകൗശല നിർമാണ യൂണിറ്റുകൾ, ടാക്സി, ഓട്ടോറിക്ഷ സർവീസുകൾ, ഇസ്തിരി, അലക്ക് യൂണിറ്റ്, പേപ്പർ ബാഗ് നിർമാണം സോപ്പ് നിർമാണം, മൃഗങ്ങളെ വളർത്തൽ, കെട്ടിട നിർമാണം, മറ്റ് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങി വിവിധ മേഖലകളിലായി നിരവധി വനിതകൾ ജോലി ചെയ്യുന്നുണ്ട്.